റാഞ്ചി: ഭർതൃഗൃഹത്തിൽ പീഡനത്തിനിരയായ തന്റെ മകളെ ആഘോഷപൂർവം വീട്ടിലേക്കു തിരികെയെത്തിച്ച് അച്ഛൻ. വിവാഹദിനത്തിലെ ആഘോഷങ്ങൾക്കു തുല്യമായ പരിപാടികളോടെയാണ് അച്ഛൻ മകളെ തിരികെ വീട്ടിലെത്തിച്ചത്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി സ്വന്തം വീട്ടിലേക്കു യുവതിയെ തിരികെയെത്തിച്ചു.
ജാർഖണ്ഡിലാണു സംഭവം. താൻ താലോലിച്ചുവളർത്തിയ മകൾ സാക്ഷി ഗുപ്തയെ ഭർതൃവീട്ടുകാർ ചൂഷണം ചെയ്യുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തുവെന്ന് കൈലാഷ് നഗർ കുംഹാർതോളി നിവാസിയായ പ്രേം ഗുപ്ത പറയുന്നു.
നല്ലരീതിയിലാണ് താൻ മകളെ വളർത്തിയത്. വിദ്യാഭ്യാസവും കൊടുത്തു. ആഘോഷപൂർവം വിവാഹവും നടത്തി. വിവാഹശേഷം ഭർതൃവീട്ടിലെത്തിയ തന്റെ മകൾക്ക് കൊടും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു.
ഭര്‍ത്താവും കുടുംബക്കാരും മോശമായി പെരുമാറിയാൽ പ്രതികരിക്കാതിരിക്കരുത്. നിങ്ങളുടെ മകളെ അതേ ആദരവോടെ തിരികെ കൊണ്ടുവരണം. കാരണം പെൺമക്കൾ വളരെ വിലപ്പെട്ടവരാണ്. ഘോഷയാത്രയുടെ വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചുകൊണ്ട് പ്രേം ഗുപ്ത കുറിച്ചു.
2022 ഏപ്രിലിലാണ് സാക്ഷിയും സച്ചിൻ കുമാറും വിവാഹിതരാകുന്നത്. ജാർഖണ്ഡ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷനിൽ എൻജിനീയറാണ് സച്ചിൻ. ഇയാൾ സാക്ഷിയെ വിവാഹം കഴിക്കുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യങ്ങൾ മറച്ചുവച്ചായിരുന്നു സാക്ഷിയുമായുള്ള വിവാഹം. വിവാഹമോചനത്തിനായി സാക്ഷി കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.