ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ 4.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്.
കേസിൽ കോട്ടയം വാഴപ്പിള്ളി മറ്റംകരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ജെസ്പിൻ ജോസഫ്(19), കോട്ടയം ചങ്ങനാശേരി അങ്ങാടി കരയിൽ കോട്ടയ്ക്കൽ വീട്ടിൽ സോണി റോയി (20)എന്നിവരാണ് അറസ്റ്റിലായത്.
ആലുവ എക്സൈസ് റേഞ്ചും ആലുവ ആർപിഎഫും ആലുവ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം മൂന്നോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് 4.5 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
തിരുവനന്തപുരം വരെ പോകുന്ന ഷാലിമാർ എക്സ്പ്രസ് വന്നതിന് ശേഷം പ്ലാറ്റ്ഫോം ഒന്നിൽ ആലുവ റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും അറസ്റ്റിലായത്.
ജെസ്വിൻ കോട്ടയത്ത് മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയും സോണി അങ്കമാലിയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുമാണ്. ചങ്ങനാശേരി മേഖലയിൽ കോളജ് വിദ്യാർഥികൾക്കിടയിൽ ചില്ലറ വില്പനക്കായി എത്തിച്ചതാണ് കഞ്ചാവ്.
വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും യുവാക്കൾ മൊഴി നല്കി. ആലുവ ആർപിഎഫ് അസി. സബ് ഇൻസ്പെക്ടർ സിജോ സേവ്യർ, കോൺസ്റ്റബിൾമാരായ അരുൺ ബാബു, ടി.കെ. പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഒ.എസ്. ജഗദീഷ്, എം.ടി. ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ നിജ ജോയി എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.