പത്തനംതിട്ട: പതിനാറ് ദിവസങ്ങള്‍ക്ക് മുമ്പ് മലയാലപ്പുഴ തലച്ചിറയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഗീതിന്റെ മരണകാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് പോലീസ്. സംഗീതിന്റെ മൃതദേഹം ഇന്നലെ രാവിലെ പമ്പാനദിയില്‍ ആറന്മുള സത്രക്കടവിനു സമീപമാണ് കണ്ടെത്തിയത്.
തലച്ചിറ കൈനിക്കര വീട്ടില്‍ പരേതനായ സജിയുടെയും ജെസിയുടെയും മകനാണ് സംഗീത് (സുനു – 24). സത്രക്കടവില്‍ യുവാവിന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ആറന്മുള, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്കുശേഷം സംഗീതിന്റെ ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു.
മൃതദേഹം പൂര്‍ണമായി ജീര്‍ണിച്ച അവസ്ഥയിലായിരുന്നെങ്കിലും ധരിച്ചിരുന്ന വസ്ത്രങ്ങളാണ് തിരിച്ചറിയാന്‍ സഹായകമായത്. സംഗീതിന്റെ തിരോധാനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് യുവാവിനന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞഒന്നിന് രാത്രി എട്ടോടെയാണ് സംഗീതിനെ കാണാതായത്. സുഹൃത്തിനന്റെ മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനാണ് സംഗീത് ഓട്ടോ റിക്ഷയില്‍ വീട്ടില്‍ നിന്നു പോയതെന്നു പറയുന്നു. വടശേരിക്കര ഇടത്തറമുക്കിലെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി തിരികെ എത്തുമ്പോള്‍ സംഗീത് ഓട്ടോയില്‍ ഇല്ലായിരുന്നു എന്നാണ് സുഹൃത്ത് പോലീസിന് നല്കിയ മൊഴി.
ഇടത്തറയില്‍ നിന്ന് ഓട്ടോ റിക്ഷ എടുക്കുമ്പോള്‍ ഓട്ടോയുടെ മുന്‍ സീറ്റില്‍ കൈലി ധരിച്ച വണ്ണമുള്ള ഒരാള്‍ ഇരിക്കുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. എന്നാല്‍ ഇയാളുടെ മുഖം വ്യക്തമല്ല. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബര്‍മൂഡയും ടീഷര്‍ട്ടും ആണ് സംഗീത് ധരിച്ചിരുന്നത്.
സംഗീതിനെ ഏറെ വൈകിയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വരികയും വീട്ടില്‍ എത്താതിരിക്കുകയും ചെയ്തതോടെ സംഗീതിന്റെ മുത്തശി തിരക്കി സുഹൃത്തിന്റെ വീട്ടില്‍ എത്തി. എന്നാല്‍ സംഗീത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിട്ടാണ് പോയതെന്ന് സുഹൃത്തിന്റെ ഭാര്യ മുത്തശിയോട് പറഞ്ഞു. മാത്രമല്ല കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ലെന്നും മുത്തശിയോട് പറഞ്ഞു.
സംഗീതിനെ കാണാതായതിന് സമീപമുള്ള തോട്ടില്‍ ഫയര്‍ ഫോഴ്സും പോലീസും പരിശോധന നടത്തിയിരുന്നു. വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ ആയിരുന്നു സംഗീതിനെ കാണാതായത്. സംഗീതിന്റെ മാതാവ് ജസി വിദേശത്താണ് ജോലി നോക്കുന്നത്. സഹോദരി ബംഗളൂരുവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയാണ്. മുത്തശിയും മാതൃസഹോദിമാര്ക്കുമൊപ്പമാണ് സംഗീത് കഴിഞ്ഞിരുന്നത്.