വടകര: രണ്ട് ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ ഇടപാടുകാരന് രണ്ട് ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.
അക്കൗണ്ട് ഹാക്ക് ചെയ്താണു പണം തട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മയ്യന്നൂരിലെ വണ്ണത്താംകണ്ടി സിഎച്ച് ഹൗസിൽ ഇബ്രാഹിമിനാണ് പണം നഷ്ടമായത്.
അന്വേഷണത്തെ തുടർന്ന് ഹാക്കറുടെ അക്കൗണ്ടിൽനിന്ന് 65,000 രൂപ മരവിപ്പിച്ചതായി സൈബർ പോലീസ് ഇബ്രാഹിമിനെ അറിയിച്ചിട്ടുണ്ട്.
എസ്ബിഐ വില്യാപ്പള്ളി ശാഖയിലെ അക്കൗണ്ടിൽനിന്ന് 99,999 രൂപയും ബാങ്ക് ഓഫ് ബറോഡയുടെ വടകര അടക്കാതെരുവ് ശാഖയിലെ അക്കൗണ്ടിൽ നിന്ന് 99,999 രൂപയുമാണ് നഷ്ടമായത്.
ഞായറാഴ്ച പകൽ 1.57നാണ് എസ്ബിഐ ശാഖയിലെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി ഇബ്രാഹിമിന് ഫോണിൽ മെസേജ് വന്നത്. 2.15 ഓടെ മെസേജ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നോക്കിയപ്പോഴാണ് ഇതേ സമയത്തുതന്നെ ബാങ്ക് ഓഫ് ബറോഡയിൽനിന്നു പണം പിൻവലിച്ചതായ മെസേജും കണ്ടത്.
ആക്സിസ് ബാങ്ക് വഴി പിൻവലിച്ചതായാണ് മെസേജിൽ ഉള്ളത്. ഇക്കാര്യം സൈബർ പോലീസിലും ബാങ്ക് അധികൃതരെയും അറിയിച്ച് അക്കൗണ്ട് മരവിപ്പിച്ചു.
വടകര പോലീസും അന്വേഷണം ആരംഭിച്ചു. ഗൂഗിൾ പേ ഉപയോഗിച്ചാണ് ഇബ്രാഹിം പണമിടപാട് നടത്തിയിരുന്നത്. എടിഎം കാർഡ് അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ.