ഇടുക്കി: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ദൗത്യത്തിന് മുന്‍ മാതൃകകള്‍ ഇല്ലെന്ന് റവന്യൂമന്ത്രി കെ.രാജന്. ജെസിബിയും കരിമ്പൂച്ചകളുമല്ല ദൗത്യത്തിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ദൗത്യം നടപ്പിലാക്കാന്‍ അനാവശ്യമായ ഒരു ധൃതിയും സര്‍ക്കാര്‍ കാണിക്കില്ല. നടപടിക്രമങ്ങള്‍ നിയമപരമായി മുന്നോട്ട് പോകണം എന്ന് മാത്രമാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
പ്രത്യേകമായി ആരെയെങ്കിലും ഉന്നം വച്ചുകൊണ്ടല്ല ദൗത്യം നടപ്പിലാക്കുന്നത്. സിനിമാറ്റിക് ആക്ഷന്‍ പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഭേദഗതികള്‍ കൈയേറ്റത്തിന് കുടചൂടാനുള്ള നടപടിയല്ല. കൈയേറ്റവും കുടിയേറ്റവും ഒരുപോലെ കാണാനാവില്ല.
എം.എം.മണിയുടെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായാലും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.