ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം തേടി ടീം ഇന്ത്യ ഇന്ന് അയല്‍വാസികളായ ബംഗ്ലാദേശിനെ നേരിടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടുമുതലാണ് മത്സരം. മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.
റണ്ണൊഴുകും പിച്ചായിരിക്കും പുനയിലേതെന്നാണ് നിഗമനം. ആദ്യം ബാറ്റുചെയ്യുന്ന ടീമിന് നല്ല സ്കോര്‍ ഉയര്‍ത്താനായാല്‍ പിന്തുടരുക എളുപ്പമാവില്ല. സന്ധ്യയോടെ ഇവിടെ നേരിയ മഞ്ഞുവീഴ്ചയുണ്ടാകും.
ഇത് രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇവിടെ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ അഞ്ചിലും ആദ്യ ഇന്നിംഗ്സ് സ്കോര്‍ 300 കടന്നിരുന്നു.
ടോസ് കിട്ടിയാല്‍ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തേക്കും. ഇന്നു മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്ത്യൻ ടീമില്‍ മാറ്റമുണ്ടാവില്ലെന്നാണ് സൂചന
. രോഹിതിന്റെ ഫോമിനൊപ്പം ശുഭ്മൻ ഗിൽ കൂടി ഓപ്പണിംഗിൽ ചേരുന്പോൾ ഇന്ത്യക്ക് ആശങ്കയ്ക്കു വകയില്ല. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിങ്ങനെ ഇന്ത്യൻ ബാറ്റിംഗ് നിര ശക്തമാണ്.
ഓസ്ട്രേലിയ, പാക്കിസ്ഥാൻ ടീമുകളെ കുറഞ്ഞ സ്കോറിൽ പുറത്താക്കിയ ബൗളർമാരും തകർപ്പൻ ഫോമിലാണ്. ജസ്പ്രീത് ബുംറയുടെ പേസിനൊപ്പം കുൽദീപ് യാദവിന്റെ സ്പിൻ കൂടി ചേരുന്പോൾ ബംഗ്ലാദേശ് ഭയക്കണം.
അതേസമയം, ഇടതു കാല്‍വണ്ണയ്ക്ക് പരിക്കുള്ള ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസന് ഇന്നു കളിക്കുന്ന കാര്യം ഉറപ്പില്ല. ബാറ്റിംഗിലും ബൗളിംഗിലും നിര്‍ണായക സാന്നിധ്യമാണ് ഷാക്കിബ്.