കൊച്ചി: ആലുവയില്‍ ബാലികയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ റിക്കാര്‍ഡ് വേഗത്തില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായതിനു പിന്നാലെ ഇന്ന് പ്രതിയെ കോടതി നേരിട്ട് ചോദ്യം ചെയ്യും.
സിആര്‍പിസി 313 പ്രകാരം വിധിക്കു മുന്നോടിയായിട്ടാണ് പ്രതി അസ്ഫാക് ആലത്തിനെ കോടതി നേരിട്ട് ചോദ്യം ചെയ്യുന്നത്. പോക്സോ നിയമപ്രകാരം വിചാരണക്കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളിലും പീഡനക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല.
എന്നാല്‍ ഇത് കൃത്യമായി നടപ്പാക്കിക്കൊണ്ടാണ് ഈ കേസ് മുന്നോട്ടു പോകുന്നത്. കുറ്റകൃത്യം നടന്ന് മുപ്പത്തിയഞ്ച് ദിവസത്തിനകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കുറ്റകൃത്യം നടന്ന് 83 ദിവസത്തിനകം പ്രോസിക്യൂഷന് വാദം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. പ്രോസിക്യൂഷന് ഭാഗം സാക്ഷിവിസ്താരം എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.സോമന് മുമ്പാകെയാണ് പൂര്‍ത്തിയായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് ഹാജരായി.
ഓഗസ്റ്റ് 28ന് വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ബാലികയെ സമീപ കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രതി മധുരപാനീയം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിച്ചു തട്ടിക്കൊണ്ടുപോയശേഷം മദ്യം നല്‍കുകയും ആലുവ മാര്‍ക്കറ്റിനുള്ളിലെ മാലിന്യ കൂമ്പാരത്തിന് സമീപത്ത് വച്ച് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് കുട്ടി ധരിച്ചിരുന്ന ബനിയന് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് ആരോപണം. ഓഗസ്റ്റ് 28ന് നടന്ന സംഭവത്തില്‍ 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ഒന്നിന് എറണാകുളം റൂറല്‍ എസ്പി വിവേവ് കുമാറിന്റെ നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് പോലീസ് എസ്എച്ച്ഒ എം.എം. മഞ്ജുദാസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.
പ്രാഥമിക നടപടി ക്രമങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ ഒമ്പത് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കി. 99 സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ 43 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. 95 രേഖകളും 10 തൊണ്ടുമുതലുകളും തെളിവിലേയ്ക്കായി കോടതിയില്‍ ഹാജരാക്കി.
കുട്ടിയെ വീടിന് മുമ്പില്‍നിന്ന് തട്ടിക്കൊണ്ടു പോകുന്നതു മുതല്‍ ആലുവ മാര്‍ക്കറ്റിലേയ്ക്ക് ബസില്‍ പോകുന്നതും മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിന് സമീപത്തിലേയ്ക്ക് പോകുന്നതുവരെ നേരില്‍ കണ്ട സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിന്റെ വിവിധ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
പ്രതിയുടെ ബീജവും മറ്റും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും വസ്ത്രങ്ങളിലും ഉള്ളതായും കുട്ടിയുടെ രക്തം പ്രതിയുടെ വസ്ത്രങ്ങളില്‍ ഉള്ളതായും തിരുവനന്തപുരം എഫ്എസ്എല്ലെ രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു.
ബാലികയുടെ ആന്തിരകാവയവങ്ങളില് 100 എംഎല് രക്തത്തില്‍ 56 എംജി എന്ന തോതില്‍ മദ്യം കണ്ടെത്തിയതായി രാസപരിശോധനയില്‍ തെളിഞ്ഞു. പ്രതി സമാനസ്വഭാവമുള്ള കുറ്റകൃത്യം ഡല്‍ഹിയില്‍ നടത്തിയതിന്റെ രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
പ്രതിക്ക് മലയാളം അറിയാത്തതിനാല്‍ എല്ലാ സാക്ഷികളുടേയും മൊഴി വിചാരണയ്ക്കു ശേഷം പരിഭാഷകയായ അഡ്വ. ബിനി എലിസബത്ത് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി പ്രതിക്ക് മനസിലാക്കി നല്കി.
പ്രതിക്ക് വേണ്ടി ചീഫ് ഡിഫന്‍സ് കൗണ്‍സല്‍ അദീപ്. എം. നെല്പുരയിൽ ആണ് ഹാജരായത്. ലീഗല്‍ സെല്‍ അഥോറിറ്റി കുട്ടിയുടെ മാതാപിതാക്കളുടെ സഹായത്തിനായി ചുമതലപ്പെടുത്തിയ അഡ്വ. സന്ധ്യാ രാജു, അഡ്വ. തനൂജ, റോഷന് ജോര്‍ജ് എന്നിവരും കോടതി നടപടികളില്‍ പങ്കെടുത്തിരുന്നു.