ശ്രീനഗര്‍: ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് ബിഎസ്എഫ് ജവാന് ജീവനൊടുക്കി. ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയില്‍ ഇന്നലെയാണ് സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശിയായ രാജേന്ദ്ര യാദവ്(28) ആണ് സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവച്ച് ജീവനൊടുക്കിയത്.
രാജേന്ദ്ര യാദവും ഭാര്യയായ അൻഷു യാദവും(24) തമ്മിൽ മുന്‍പ് ഫോണിലൂടെ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഇതിനു പിന്നാലെ ഭർതൃഗൃഹത്തിൽനിന്ന് സ്വന്തം വീട്ടിലേക്കു മടങ്ങിയ യുവതി അവിടെവച്ച് ആത്മഹത്യചെയ്യുകയായിരുന്നു.
കോട്ട്പുത്ലി-ബെഹ്റോര്‍ ജില്ലയിലെ ധീര്പുര് ഗ്രാമത്തിലെ വീട്ടിൽ മടങ്ങിയെത്തിയ ശേഷം ചൊവ്വാഴ്ച ഫാനിൽ തൂങ്ങിയാണു യുവതി ജീവനൊടുക്കിയത്. എട്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.