തിരുവനന്തപുരം: ഇസ്രയേൽ-പാലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചും പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം പി.
നിത്യേനയെന്നോണം നൂറുകണക്കിനു പേർ കൊല്ലപ്പെടുമ്പോഴും അതിനെതിരെ വഴിപാടെന്നോണം അനുശോചിച്ചു കൈ കഴുകുകയാണു കേന്ദ്ര സർക്കാർ.
ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടു മുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ആ ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുമുണ്ട്.
എന്നാൽ ഇസ്രയേലോ, പലസ്തീനോ ഏതു ഭാഗത്തു നിന്നു ആക്രമണമുണ്ടായാലും ഇന്ത്യ അതിനെ അതിശക്തമായ അപലപിച്ചിരുന്നു- കെ.സി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
നിരപരാധികളായ സ്ത്രീകളും കുട്ടികളും നിരാലംബരായ വയോധികരുമൊക്കെ പിടഞ്ഞു വീഴുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നിൽക്കാൻ കഴിയുമെന്ന് ചോദിക്കുന്ന വേണുഗോപാൽ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ അന്തർദേശീയ തലത്തിൽ നടത്തുന്നതിന് ഇന്ത്യ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യാന്തര മാനുഷിക നിയമങ്ങൾ പാലിക്കാനുള്ള ബാധ്യത എല്ലാവർക്കും ഉണ്ടെന്ന് പറഞ്ഞ വേണുഗോപാൽ തുടക്കത്തിൽ ഇസ്രായേലിൽ ഹമാസ് അഴിച്ചുവിട്ട ക്രൂരതകൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
ലോകരാജ്യങ്ങൾക്കിടയിൽ എല്ലാക്കാലത്തും സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്നിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നോർക്കണം.
അതിനു തക്ക പക്വതയാണ്, ഗൗരവമാണ് ഇന്ത്യാരാജ്യത്തിൽ നിന്നു ലോകം പ്രതീക്ഷിക്കുന്നതും- കെ.സി.വേണുഗോപാൽ കുറിച്ചു.