തിരുവനന്തപുരം: കൈതോലപ്പായ വിവാദക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. ഉന്നത സിപിഎം നേതാവ് രണ്ടരക്കോടി രൂപ കടത്തിയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള കേസാണ് പൊലീസ് അവസാനിപ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ ഒന്നര മാസം മുന്‍പു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശക്തിധരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒന്നും പറയാനില്ലെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും അതിനാല്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു ശക്തിധരൻ ആരോപണം ഉന്നയിച്ചത്. എന്നാൽ ഫേസ്ബുക് പോസ്റ്റ് എടുത്ത് ആരും ഉപയോഗിക്കേണ്ടതില്ലെന്നാണ് ശക്തിധരന് പോലീസിനോട് പറഞ്ഞത്.
ആരുടെയും പേര് പറയുകയോ. തെളിവ് നൽകുകയോ ചെയ്തില്ല.എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓാഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ തിരുവനന്തപുരത്തേക്ക് സിപിഎം ഉന്നത നേതാവ് കൊണ്ടുപോയെന്ന ആരോപണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.