ജറൂസലെം: ഇസ്രയേൽ-ഹമാസ് യുദ്ധക്കെടുതികളിൽ കഷ്ടപ്പെടുന്ന ഗാസയിലെ ജനങ്ങൾക്ക് അടിയന്തരസഹായം എത്തിക്കാനുള്ള രാജ്യാന്തരസമ്മർദം ശക്തമാകുന്നതിനിടെ, ഇസ്രയേൽ നിലപാട് മയപ്പെടുത്തുന്നു.
റഫാ അതിർത്തി വഴി ഈജിപ്ത് മരുന്നും ഭക്ഷണവും എത്തിക്കുന്നതിന് തടസം നിൽക്കില്ലെന്നും എന്നാൽ, ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതുവരെ ഉപരോധം നീക്കില്ലെന്നും ഇസ്രയേൽ അറിയിച്ചു. ഈജിപ്ത് ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം, ഗാസയിലെ അല്‍ അഹ്ലി അറബി ആശുപത്രിക്കുനേരേ നടന്ന ആക്രമണം സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 471 പേര് കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നത്.
പലസ്തീൻ തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്നു പറയുന്ന ഇസ്രേലി പ്രതിരോധ സേന, പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ചാണ് വൻദുരന്തമായതെന്നും വിശദീകരിക്കുന്നു.
യുഎന്നിലെ 22 അറബ് അംഗരാജ്യങ്ങൾ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടു. എന്നാൽ, ആക്രമണം നിർത്താൻ ബ്രസീൽ കൊണ്ടുവന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ യുഎസ് എതിർത്തതിനാൽ പരാജയപ്പെട്ടു.
ഗാസയിൽ ഉടനടി വെടിനിർത്തൽ നടത്തണമെന്നും പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.
റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗാസയിലെ ജനങ്ങൾക്കെതിരേ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു പിന്നാലെ ബ്രട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇസ്രയേലിൽ എത്തും.
ഇന്ന് ഇസ്രയേലിൽ എത്തുന്ന ഋഷി സുനക് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുമായിയും പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.
ഗാസയിലേക്ക് എത്രയും വേഗം മാനുഷിക സഹായം അനുവദിക്കണമെന്നും ഗാസയിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് മടങ്ങാൻ പാത ഒരുക്കണമെന്നും സുനക് ആവശ്യപ്പെടും.
ലോകമെന്പാടുമുള്ള നേതാക്കന്മാർ ഒത്തുചേരേണ്ട നിർണായ നിമിഷമാണെന്നു സുനക് പറഞ്ഞു. ഇസ്രയേലിനു പിന്നാലെ ഈജിപ്ത്, തുർക്കി, ഖത്തർ എന്നിവിടങ്ങൾ സന്ദർശിക്കുമെന്നു സുനകിന്റെ ഓഫീസ് അറിയിച്ചു.
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ചും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഓവൽ ഓഫീസിൽനിന്നു പ്രസംഗിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിനേക്കാൾ (ഐഎസ്) കൊടുംഭീകരരാണ് ഹമാസിലുള്ളതെന്നാണ് ബൈഡൻ ഇസ്രയേൽ സന്ദർശനത്തിനിടെ പറഞ്ഞത്. വെസ്റ്റ്ബാങ്കിനും ഗാസയ്ക്കും 100 മില്യൺ ഡോളറിന്റെ സഹായം നൽകുമെന്നും ബൈഡൻ പറഞ്ഞു.