വാഷിംഗ്ടൺ ഡിസി: ഇറാഖിൽ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കുനേരേ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകൾ സഖ്യസേന വെടിവച്ചിട്ടു.
ഒരെണ്ണത്തിനു കേടുപാടുകൾ വരുത്തുകയും ചെയ്തു. യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഇക്കാര്യം അറിയിച്ചത്.
ഡ്രോൺ ആക്രമണത്തിൽ സേനാംഗങ്ങൾക്കു നിസാരപരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇസ്രായേലിന് യുഎസ് പിന്തുണ നൽകിയതിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനികരെ ആക്രമിക്കുമെന്ന് ഇറാൻ അനുകൂല ശക്തികൾ ഭീഷണി മുഴക്കിയിരുന്നു.
തുടർന്നാണ് സൈനിക മേഖലയിൽ ഡ്രോണുകൾ എത്തിയത്. ഇറാഖിലെയും സമീപ മേഖലയിലെയും സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും യുഎസ് സേനയും സഖ്യസേനയും ഏത് ഭീഷണിയും നേരിടുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.