ആലപ്പുഴ: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച ശേഷം ഒളിവിൽ പോയ വനിത 24 വർഷത്തിനു ശേഷം പോലീസിന്റെ പിടിയിലായി
ചെറിയനാട് കടയ്ക്കാട് കവലക്കൽ വടക്കതിൽ സലീന(രാധിക കൃഷ്ണൻ-50) ആണ് വെൺമണി പോലീസിന്റെ പിടിയിലായത്.
സലീനയും ഭർത്താവായ സലീമും ചേർന്ന് സലീമിന്റെ ആദ്യ ഭാര്യയെ മർദിച്ചതിന് 1999ൽ വെൺമണി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷത്തിന് ശേഷം അറസ്റ്റ് നടന്നത്.
കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്ത് ഭർത്താവുമൊത്ത് ഒളിവിൽ കഴിഞ്ഞു.
പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് ഗസറ്റ് വിജ്ഞാപനം വഴി രാധിക കൃഷ്ണൻ എന്ന് പേര് മാറ്റി തിരുവനന്തപുരം, ശ്രീകാര്യം,പോത്തൻകോട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.
കോടതിയിൽ ഹാജരാകുന്നതിന് നിരവധി തവണ പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.എന്നാൽ ഇവർ ഹാജരാകാതെ വന്നതോടെ 2008ൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെ കുറിച്ച് വെൺമണി പോലീസിനു വിവരം ലഭിച്ചത്.
ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രൂപീകരിച്ച സ്പെഷൽ സ്ക്വാഡ് ആണ് ബാംഗ്ലൂരിൽ നിന്നും കൊല്ലക്കടവ് വീട്ടിലേക്ക് എത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ചെങ്ങന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – l മുൻപാകെ ഹാജരാക്കി. 24 വർഷമായി വിസ്താരം മുടങ്ങികിടന്ന കേസിൽ ഇനി വിസ്താര നടപടികൾ ആരംഭിക്കും