കുന്നംകുളം: സീനിയർ ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ സ്വർണം നേടിയ കോതമംഗലം മാർ ബേസിലിന്റെ ബിബിൻ സിജു എത്തുന്നത് ദുരിതജീവിതത്തിന്റെ തീച്ചൂളയിൽനിന്ന്.
ബിബിൻബോയ് എന്ന് കൂട്ടുകാർ വിളിക്കുന്ന ഈ കൗമാര താരത്തിന് ജീവിത ചെലവുകൾക്കായി ഹോട്ടൽ സപ്ലെയർ ജോലിവരെ നോക്കേണ്ടിവരുന്നു. കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ സിജു-ജിൻസി ദന്പതികളുടെ ഇളയ മകനാണ് ബിബിൻ. സിജു കരൾരോഗിയും ജിൻസി കാൻസർ രോഗബാധിതയും.
പള്ളിവക സ്റ്റോളിൽ നിൽക്കുകയാണ് ജിൻസി. സിജു ഡ്രൈവർ തൊഴിലിനു പോകുന്നുണ്ട്. ബിബിന്റെ ചേട്ടൻ ആൽബിൻ ജൂണിയർ തലത്തിൽ സ്വർണം നേടിയ താരമാണ്. എന്നാൽ, പരിക്കിനെത്തുടർന്ന് ലിഗ്മെന്റ് ശസ്ത്രക്രിയ ആവശ്യമായതോടെ കായിക ലോകത്തോട് വിടപറഞ്ഞു.
ശസ്ത്രക്രിയ നടത്താൻമാത്രം സാന്പത്തിക ശേഷിയില്ലാത്തതിനാലായിരുന്നു അത്. നിലവിൽ മംഗലാപുരത്ത് നഴ്സിംഗ് വിദ്യാർഥിയാണ് ആൽബിൻ.4.30 മീറ്റർ ക്ലിയർ ചെയ്താണ് പോൾവോൾട്ടിൽ ബിബിന്റെ സ്വർണം.
ജൂണിയർ വിഭാഗത്തിൽ നിലവിലെ റിക്കാർഡുകാരനായ ശിവദേവ് രാജീവിനാണ് (4.20) വെള്ളി. മാർ ബേസിലിന്റെതന്നെ താരമാണ് ശിവദേവും. ഐഡിയൽ കടകശേരിയുടെ ടി. അഞ്ജൽദീപിനാണ് (4.00) വെങ്കലം.