അഞ്ചല്‍: വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തുകൊണ്ടുനിന്ന യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ മരുതിമൂട് ചതുപ്പില്‍ ബിജുവിന്റെ മകന് അജീഷിനെയാണ് കാട്ട്പോത്ത് ആക്രമിച്ചത്.
ഇന്നലെ രാത്രിയിലാണു സംഭവം. വീട്ടുമുറ്റത്ത് ഫോണ്‍ വിളിച്ചു നിന്ന അജീഷിനുനേരേ കാട്ടുപോത്തു കൂട്ടമായി പാഞ്ഞടുക്കുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോത്ത് ആക്രമിക്കുകയായിരുന്നു. വയറിനും നെഞ്ചിലും മുതുകിലും ഗുരുതരമായി പരിക്കേറ്റ അജീഷിനെ കുളത്തുപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കും മാറ്റി.
കാട്ടുപോത്ത് അടക്കം വന്യജീവികളുടെ ആക്രമണം ഭയന്ന് ജോലിക്കോ വീടിന് പുറത്തേക്കോ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് എന്നു പരിക്കേറ്റ അജീഷിന്റെ പിതാവ് ബിജു പറയുന്നു.
വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ ഫെന്‍സിംഗുകള്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണ് എന്നും ബിജു പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കിടയിലും വലിയ പ്രതിഷേധം ഉയര്‍ന്നുവരികയാണ്.