സീമ മോഹന്‍ലാല്‍
കൊച്ചി: വ്യക്തികളുടെ നഗ്നദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നവര്‍ക്കെതിരേ പരാതിപ്പെടാന്‍ ഇനി മടിക്കേണ്ട.
പോലീസ് സ്റ്റേഷനില്‍പോയി പരാതിപ്പെട്ടാലുള്ള നാണക്കേടു മൂലം ചതിയില്‍പ്പെടുന്ന പലരും അതു മൂടിവയ്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അല്ലെങ്കില്‍ ആത്മഹത്യയില്‍ അഭയം തേടും.
എന്നാല്‍ നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭിഷണിപ്പെടുത്തി പണംതട്ടുന്ന സംഭവങ്ങൾ അറിയിക്കുന്നതിനുള്ള കേരള പോലീസിന്റെ വാട്സ്ആപ്പ് നമ്പറായ 9497980900 ലേക്ക് ഇത്തരം ഭീഷണിയെക്കുറിച്ച് കൃത്യമായ വിവരം നല്കിയാല് നടപടി ഉടന്‍ ഉണ്ടാകും.
ഈ നമ്പറിലേക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പ്രതിദിനം 15ലധികം പരാതികളാണ് ലഭിക്കുന്നത്. പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ നമ്പറിലേക്ക് എത്തുന്ന സന്ദേശങ്ങളുടെ നിജസ്ഥിതി മനസിലാക്കി പരാതിക്കാരന് താമസിക്കുന്ന പ്രദേശത്ത് പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ് രീതി.
ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിംഗ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗങ്ങളിലൂടെ പരാതി നല്‍കാം.
നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും.