മുഖ്യമന്ത്രിയോടും കുടുംബത്തോടും കോൺഗ്രസ് എംഎൽഎ മാത്യു കുഴല്നാടന് മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ. മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിലാണ് ആരോപണം.
എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന് കുഴല്‍നാടനോട് താൻ ആദ്യമേ പറഞ്ഞതാണെന്നും എ.കെ.ബാലൻ പറഞ്ഞു. നുണപ്രചരണത്തിന്റെ ഹോൾസെയിൽ ഏജൻസിയാവുകയാണ് കേരളത്തിൽ യുഡിഎഫും കോൺഗ്രസും. ഇത് ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുകയെന്നും എ.കെ. ബാലൻ ആരാഞ്ഞു.
പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണി.രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍ പച്ചക്കളളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
‘കുഴല്നാടന് പൊതുപ്രവര്‍ത്തനത്തില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം ആദ്യം പറഞ്ഞതുപോലെ മാപ്പ് പറയണം. മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക.
അത് അദ്ദേഹം ചെയ്യുമെന്നാണ് താൻ കരുതുന്നത് വീണയോടും മുഖ്യമന്ത്രിയുടെ കുടുംബത്തോടും ഒരു വട്ടമെങ്കിലും മാപ്പ് പറയണം. ഈ പ്രശ്നം വന്നഘട്ടത്തില്‍ തന്നെ വീണ ജിഎസ്ടിയും ഇന്‍കംടാക്സും കൊടുത്തു എന്ന് ഞാന്‍ പറഞ്ഞതാണ്.
അപ്പോഴേക്കാണ് അയാള്‍ ഔപചാരിക കത്ത് കൊടുത്തത്. അത് നല്കിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. അതിനിടയില്‍ ഞങ്ങള്‍ കൊടുക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞങ്ങളിത് നല്‍കാതിരുന്നത്.
വിശദമായ പരിശോധന നടത്താൻ സമയമെടുത്തത് കൊണ്ടാവും റിപ്പോർട്ട് വൈകിയതെന്ന് കരുതുന്നു. ഈ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇനി മേലിൽ ഇമ്മാതിരി കള്ളത്തരവും കൊണ്ട് നടക്കരുത്’- എ കെ ബാലൻ വ്യക്തമാക്കി.