പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന നിർദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി.
ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയത്.
20 മിനിറ്റോളം നീണ്ട ചർച്ചയിൽ ഗാസ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ ആവശ്യപ്പെട്ടു.
റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം യുദ്ധം നിർത്താൻ മാർപ്പാപ്പ ആഹ്വാനം ചെയ്തു. യുദ്ധം എല്ലായ്പ്പോഴും നഷ്ടങ്ങൾ മാത്രമേ സമ്മാനിക്കൂ, സഹോദരന്മാരെ നിർത്തൂ, നിർത്തൂ… മാർപ്പാപ്പ പറഞ്ഞു.
യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉന്നത ലോകനേതാക്കൾ വിവിധ ചർച്ചകൾക്കായി ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയും ഇസ്രയേലിലേക്ക് യാത്ര തിരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ ഇസ്രയേലിൽ ഇന്നെത്തുമെന്നാണ് റിപ്പോർട്ട്.