വിവാഹമെന്നത് പലരുടെയും സ്വപ്നമാണ്. ഇന്നത്തെ കാലത്ത് വിവാഹ ചടങ്ങുകളുടെ രീതിയിൽ തന്നെ വ്യത്യാസം വന്നിരിക്കുകയാണ്. പരമ്പരാഗത ശെെലിയിൽ നിന്നും വിഭിന്നമായി ഇന്ന് വിവാഹങ്ങൾ മാറിയിരുന്നു.
ഡെസ്റ്റിനേഷൻ വെഡിങ്ങുകളുടെ കാലമാണിത്. ഇപ്പോഴിതാ ഇന്നലെ കൊല്ലം ജില്ലയിൽ നടന്ന വിവാഹത്തിന്റെ കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്.
ചാത്തന്നൂർ സ്വദേശികളായ ആർ.അബിയും ദേവിക ദേവരാജനും ഇന്നലെ വിവാഹിതരായി. ഇതിലെന്താ ഇത്ര പ്രത്യേകത എന്നല്ലേ?
ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത പ്രോജക്ട് സിറ്റിസൺ 22 ന്റെ ഭാഗമായി കൊല്ലം ജില്ലയിൽ പ്രവർത്തിച്ചവരാണ് അബിയും, ദേവികയും.
ഭരണഘടന സെനറ്റർമാരുടെ ക്ലാസിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പരിചയം സൗഹൃദമായി വളർന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി.
രണ്ട് പേരുടെയും ഇഷ്ടം വീട്ടുകാരെ അറിയിച്ചു. അവരും എതിർത്തില്ല. അങ്ങനെ അബിയും ദേവികയും വിവാഹം ചെയ്തു. എങ്ങനെയാണെന്നല്ലേ? ഇന്ത്യൻ ഭരണഘടനയെ സാക്ഷി നിർത്തി അബി ദേവികയുടെ കഴുത്തിൽ താലി ചാർത്തി.
വിവാഹപന്തലിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് മുന്നിലായി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം. വിവാഹ മണ്ഡപത്തിന് പിന്നിൽ അംബേദ്ക്കറുടേയും നെഹ്റുവിന്റെയും ചിത്രവും പിന്നെ ഇന്ത്യൻ ഭരണഘടനയും.
ഈ കാഴ്ച എല്ലാവരിലും കൗതുകമുണർത്തി. മാത്രമല്ല വിവാഹത്തിന് പങ്കെടുത്ത എല്ലാവർക്കും ഭരണഘടനയുടെ കോപ്പികൾ വിതരണം ചെയ്തു.
സ്ത്രീധന സമ്പ്രദായത്തിനും ജാതിവർണ വിവേചനത്തിനും അനാചാരങ്ങൾക്കുംഎതിരാണ് ഞാൻ.ഭരണഘടനാ മൂല്യങ്ങള് ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന ആളുകളാണ് ഞങ്ങൾ,അതിനാൽ തന്നെ ഞങ്ങളുടെ വാക്കും പ്രവൃത്തിയും വ്യത്യസ്ത ദിശയിലാവരുതെന്ന് ആഗ്രഹം ഉണ്ട്. അതുകൊണ്ടാണ് ഭരണഘടനാ മൂല്യങ്ങളെ സാക്ഷിയാക്കി വിവാഹം ചെയ്തതെന്ന് അബി പറഞ്ഞു.
ജാതിരഹിത സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇരുവരെയും ഇത്തരത്തിൽ വിവാഹം ചെയ്യുന്നതിനായി പ്രേരിപ്പിച്ചത്.