കൊച്ചി നഗരത്തില്‍ രാത്രി തനിക്കും കുടുംബത്തിനുമുണ്ടായ പേടിപ്പെടുത്തുന്ന അനുഭവസാക്ഷ്യം തുറന്നുപറയുകയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ നിര്‍മാതാവായ നോബിള്‍ തോമസ്. സംഭവം ഇപ്രകാം. എംജി റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റര്‍ സ്ക്വയര്‍ മാളില്‍ സിനിമ കണ്ട് നോബിളും ഭാര്യയും ഇറങ്ങുമ്പോള്‍ നേരം അല്‍പ്പം വൈകിയിരുന്നു. കാര്‍ പാര്‍ക്കില്‍ നിന്നും വണ്ടി എടുത്ത് പുറത്ത് വന്നപ്പോള്‍ കണ്ടത് വഴി തടഞ്ഞ രീതിയില്‍ നിര്‍ത്തി ഇട്ടിരിക്കുന്ന ഒരു ഓട്ടോ. വാഹനത്തില്‍ രണ്ടുപേരും ഉണ്ട്. കെഎല്‍ 17 എന്‍ 8394 എന്നതാണ് ഓട്ടോയുടെ നമ്പര്‍. സംശയാസ്പദമായിട്ടാണ് വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നത്.
രണ്ടുപേരുടെയും നില്‍പ്പില്‍ പന്തികേട് തോന്നിയ നോബിള്‍ കാര്‍ യൂടേണ്‍ എടുത്ത് അവന്യൂ റീജന്റ് ലക്ഷ്യമാക്കി പായിച്ചു. അപ്പോള്‍ സമയം രാത്രി ഒരുമണി ആയിരുന്നു. പുറകിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ ഓട്ടോ പിന്തുടരുന്നതായി കണ്ടു. പന്തികേട് തോന്നിയ നോബിള്‍ കാറിന്റെ വേഗത കുറച്ചു. എന്നാല്‍ കാറിന് മറികടന്ന് പോകാതെ ഓട്ടോയും പിന്നില്‍ നിര്‍ത്തി. ഭയംതോന്നിയ നോബിള്‍ സഹോദരങ്ങളെ ഫോണില്‍ ബന്ധപ്പെടുകയും, അവരുടെ അടുത്തേക്ക് കാര്‍ പായിക്കുകയും ചെയ്തു. ഓട്ടോയില്‍ വന്നവര്‍ നോബിളിനെയും സഹോദരന്മാരെയും കണ്ടതോടെ മടങ്ങി പോയി.
സഹോദരന്മാര്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി പരാതി പറഞ്ഞെങ്കിലും രാവിലെ വരാനായിരുന്നു മറുപടി. പിറ്റേ ദിവസം ഇതേ പരാതിയുമായി എത്തിയപ്പോള്‍ തങ്ങളുടെ സ്റ്റേഷന്‍ പരിധിയല്ലെന്നായിരുന്നു പോലീസിന്റെ മറുപടി. തനിക്കും ഭാര്യയ്ക്കുംപകരം ഏതെങ്കിലും പെണ്‍കുട്ടികളായിരുന്നു കാറിലെങ്കില്‍ എന്താകുമായിരുന്നുവെന്നാണ് നോബിള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. നോബിളിന്റെ പോസ്റ്റ് ആയിരക്കണക്കിനുപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.