പ്രായപൂർത്തിയാകാത്ത പത്ത് വിദ്യാർഥികളെ ലൈംഗികമായ് പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ ജുനഡ് ജില്ലയിലെ ഒരു മദ്രസയിലെ അധ്യാപകനായ 25 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ വിദ്യാർഥികൾ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് മദ്രസയുടെ ട്രസ്റ്റിയെയും പോലീസ് അറസ്റ്റ് ചെയ്തു.
സൂറത്തിലെ ഒളിത്താവളത്തിൽ നിന്ന് അധ്യാപകനെ അറസ്റ്റ് ചെയ്തപ്പോൾ രക്ഷപ്പെട്ട മദ്രസ ട്രസ്റ്റിയെ ഞായറാഴ്ച ജുനഗഡിലെ ഒരു സ്ഥലത്ത് നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു.
17 വയസ്സുള്ള ഒരു ആൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 377 (പ്രകൃതിവിരുദ്ധ ലൈംഗികബന്ധം), 323 (ആക്രമണം), 506-2 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), എന്നീ പ്രസക്തമായ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികൾക്കെതിരെയും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ദിവസങ്ങൾക്ക് മുമ്പ് റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളിൽ ഒരാൾ മറ്റൊരു മൗലാനയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് അമ്മയെ വിളിച്ച് അധ്യാപകന്റെ ലൈംഗിക ആംഗ്യങ്ങളെയും വിദ്യാർഥികളുമായുള്ള പെരുമാറ്റത്തെയും കുറിച്ച് പരാതിപ്പെട്ടു. തുടർന്നാണ് സംഭവം പുറത്ത് വന്നതെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥിയുടെ അമ്മ പോലീസിനെ സമീപിക്കുകയും സ്കൂളിൽ താമസിക്കുന്നവരും പഠിക്കുന്നവരുമായ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചതിൽ മദ്രസ അധ്യാപകന് പങ്കുണ്ടെന്ന് പറയുകയും ചെയ്തു. പിന്നാലെ കഴിഞ്ഞ ദിവസം പോലീസ് സ്ഥലത്തെത്തി.
മദ്രസയിൽ പഠിക്കുന്ന 10 ആൺകുട്ടികൾ കാര്യങ്ങൾ പോലീസിനോട് പറഞ്ഞു. കൂടാതെ ഏതെങ്കിലും വിദ്യാർഥി അവരുടെ മാതാപിതാക്കളോടോ പുറത്തുനിന്നുള്ളവരോടോ പരാതിപ്പെട്ടാൽ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും അവർ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ജുനഗഡ് പോലീസ് സൂപ്രണ്ട് ഹർഷദ് മേത്ത മദ്രസ സന്ദർശിച്ചു, വിഷയത്തിൽ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഉറപ്പും നൽകി.