തിരുവനന്തപുരം: വിജിലൻസിൽ അംഗബലം കൂട്ടണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് കത്തയച്ചു. പുതിയ തസ്തികകൾ സൃഷ്ടിക്കുകയോ ഡപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്യണമെന്നാണ് വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ സർക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് അന്വേഷണത്തിനും മിന്നൽ പരിശോധനകൾക്കും നേതൃത്വം നൽകുന്നത് ഡിവൈഎസ്പി, സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. ഇവരുടെ എണ്ണം 130 മാത്രമാണ്. വിജിലൻസിലെ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം എഴുന്നൂറാണ്.
വർഷം തോറും 500 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. 8,000 ൽപരം പരാതികൾ അല്ലാതെയും വിജിലൻസിന് മുന്നിൽ ലഭിക്കുകയാണ്. വിജിലൻസിലെ അംഗസംഖ്യ കുറവായത് കാരണം 1,500 കേസുകളിൽ കുറ്റപത്രം നൽകുന്നത് വൈകുകയാണ്.
സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി തുടച്ച് നീക്കാൻ ക്രിയാത്മകമായി വിജിലൻസിന് പ്രവർത്തിക്കാൻ അംഗസംഖ്യ വർധിപ്പിച്ചാലെ മതിയാകുമെന്നാണ് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വർഷം 48 ഉദ്യോഗസ്ഥരെ കൈക്കുലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടിയിരുന്നു. സർക്കാരിന് സാന്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകളും അംഗബലവും വർധിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ താത്ക്കാലികമായിട്ടെങ്കിലും വിജിലൻസിലേക്ക് നിയമിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.