സര്‍ക്കസ് എന്നതു തന്നെ സാഹസികതയുടെ പര്യായമാണ്. സര്‍ക്കസില്‍ പലരും പല അതിസാഹസികതയും കാണിക്കുമെങ്കിലും ബ്രിട്ടീഷുകാരനായ ഷെയ്ന്‍ ബിയറിന്റെ പ്രകടനം ഇവയെയെല്ലാം കവച്ചു വയ്ക്കുന്നതാണ്. പീരങ്കിയ്ക്കകത്ത് കയറിയിരുന്ന് സ്വയം വെടിയുണ്ടയാകുന്ന ഐറ്റമാണ് ഷെയ്‌നിന്റെ മാസ്റ്റര്‍പീസ്. 50 മൈല്‍ വേഗതയില്‍ 30 അടി അകലത്തേക്ക് പീരങ്കിയില്‍ നിന്നും തെറിച്ചുവീണ ഷെയ്‌നിന്റെ കാലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കൊണ്ട് തളരാന്‍ ഈ 26കാരന്‍ തയ്യാറല്ല.
ഇക്കുറി ലോകറിക്കാര്‍ഡ് തന്നെയാണ് ഷെയ്‌നിന്റെ ലക്ഷ്യം. ഇതിനായി 193 അടി ദൂരത്തേക്കു പറക്കാനാണ് ഷെയ്ന്‍ പദ്ധതിയിട്ടിരിക്കുന്നത്. കാലിന്റെ പരിക്ക് ഭേദമാവുന്നതുവരെ കാത്തിരിക്കാനും ഷെയ്ന്‍ തയ്യാറല്ല. ലോകത്ത് വിരരിലെണ്ണാവുന്നവര്‍ മാത്രമാണ് സ്വയം മനുഷ്യ വെടിയുണ്ടയാവുന്ന അഭ്യാസം ചെയ്യുന്നത്. മറ്റുള്ളവരെല്ലാം തന്നെ സുരക്ഷിത വലയിലേക്കു ലാന്‍ഡു ചെയ്യുമ്പോള്‍ തന്റെ കാലില്‍തന്നെ ഭൂമിയിലേക്കു ലാന്‍ഡു ചെയ്യുന്നതാണ് ഷെയ്‌നെ വ്യത്യസ്ഥനാക്കുന്നത്. ഇതാണ് കാലുകള്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണവും. പീരങ്കിക്കുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന അതിശക്തമായ ഒരു സ്പ്രിംഗാണ് ആളുകളെ പുറത്തേക്കു തെറിപ്പിക്കുന്നത്.
1877ലാണ് ഈയിനം ആദ്യമായി പൊതുവേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ലണ്ടനിലെ റോയല്‍ അക്വേറിയത്തില്‍ 14കാരിയായ റോസാ മെറ്റില്‍ഡാ റിച്ചറാണ് അന്ന് മനുഷ്യവെടിയുണ്ടയായത്. സൂരക്ഷാവലയുണ്ടെങ്കില്‍ തന്നെ വളരെ അപകടം പിടിച്ച ഈ അഭ്യാസം യാതൊരു സുരക്ഷയുമില്ലാതെ ഷെയ്ന്‍ ചെയ്യുമ്പോള്‍ കാണികളുടെ ചങ്കുകത്തും. ഇതുവരെ 30ലധികം മനുഷ്യവെടിയുണ്ടകളാണ് മരണമടഞ്ഞിട്ടുള്ളത്. 2011ല്‍ മരണമടഞ്ഞ 24കാരന്‍ മാത്യു ക്രാഞ്ചാണ് ഇക്കൂട്ടത്തില്‍ ഒടുവിലത്തേത്. കെന്റ് കൗണ്ടി ഷോയില്‍ സുരക്ഷാവല തകര്‍ന്നതായിരുന്നു ഇയാളുടെ മരണകാരണം.
സര്‍ക്കസ് പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഷെയ്‌നിന്റെ വരവ്. മുന്‍ ട്രപ്പീസ് ആര്‍ട്ടിസ്റ്റായ അമ്മ കാസ് ഇപ്പോള്‍ മകന്റെ മത്സരങ്ങളുടെ നടത്തിപ്പു ചുമതല നിര്‍വഹിക്കുകയാണ്. അച്ഛന്‍ സ്റ്റീവനാവട്ടെ ഒരു ഹോളിഡേ പാര്‍ക്കിന്റെ ചുമതല നിര്‍വഹിക്കുകയും ചെയ്യുന്നു. ഇവരുടെയെല്ലാം പിന്തുണ ഷെയ്‌നിനുണ്ട്. എന്തായാലും ഈ അതിസാഹസിക കൃത്യം ഷെയ്ന്‍ വിജയകരമായി പൂര്‍ത്തിയാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.