ബെയ്ജിംഗ്: എല്ലാ രാജ്യങ്ങള്‍ക്കും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി. ഭീകര സംഘടനയായ ഹമാസുമായുള്ള സംഘർഷത്തിൽ ഇസ്രയേലിന്റെ ‘സ്വയം പ്രതിരോധത്തിനുള്ള അവകാശം’ ഔദ്യോഗികമായി അംഗീകരിച്ച് ചൈന.
യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഇത് ആദ്യമായാണ് ചൈന പരസ്യ നിലപാട് വ്യക്തമാക്കുകയും ഇസ്രയേലിനെ പിന്തുണച്ച് രംഗത്തെത്തുന്നതും.
ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ ചൈനയുടെ മുൻ നിലപാടുകളുടെ പേരിൽ വിമർശനം നേരിടുകയും വാംഗ് യി വാഷിംഗ്ടണിൽ ഒരു ഉന്നത സന്ദർശനത്തിന് തയാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റം.
തിങ്കളാഴ്ച ഇസ്രയേല്‍ വിദേശകാര്യമന്ത്രി എലി കോഹനുമായി നടത്തിയ ഒരു ടെലിഫോണ്‍ കോളിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇരുകൂട്ടരും അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് ആത്മാർഥമായി ആഗ്രഹിക്കുന്നത്. സമാധാനത്തിനുള്ള ഏത് നീക്കത്തേയും ചൈന പിന്തുണയ്ക്കും.
ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും വാംഗ് യി പ്രതികരിച്ചു. ഹമാസിനെതിരെ രൂക്ഷവിമർശനവുമായി പല രാജ്യങ്ങളും രംഗത്തെത്തിയിരുന്നുവെങ്കിലും, ചൈന നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അടുത്തിടെ സംഘർഷത്തിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും പലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിപൂർവകവും ശാശ്വതവുമായ പരിഹാരം വേഗത്തിലാക്കാൻ ഈജിപ്തുമായും മറ്റ് അറബ് രാഷ്ട്രങ്ങളുമായും സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.