ദമ്പതികളെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പോലീസ് പിടിയിൽ. ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ ബരുന പ്രദേശത്തിന് സമീപമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ദമ്പതികൾ ജാജ്പൂർ ജില്ലയിൽ നിന്നുള്ളവരാണെന്നും യുവതി പഠനത്തിനായി ഭുബനിൽ താമസിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് ഭുബനിൽ നിന്ന് വീട്ടിലേക്ക് മോട്ടോർ സൈക്കിളിൽ പോവുകയായിരുന്നു ഇവർ. ബരുന പ്രദേശത്തെ ഒരു കനാലിനു സമീപം പ്രതികൾ ഇവരെ തടഞ്ഞുനിർത്തി.
തുടർന്ന് മർദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. പിന്നാലെ ഭാര്യയെ അടുത്തുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരയായ യുവതി ഭുബൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
“സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, കേസ് രജിസ്റ്റർ ചെയ്തു, അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. അവരിൽ രണ്ടുപേരെ ഞങ്ങൾ കസ്റ്റഡിയിലെടുത്തു. മറ്റ് മൂന്ന് പ്രതികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചു.” ധെങ്കനാൽ എസ്പി ഗ്യാൻ രഞ്ജൻ മൊഹപത്ര പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.