മുംബൈ: മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ ഒഡീഷക്കെതിരെ കേരളത്തിന് 50 റൺസിന്റെ തകർപ്പൻ ജയം. കേരളം ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒഡീഷ 11 പന്ത് ശേഷിക്കേ 133 റൺസിന് പുറത്തായി.
അർധസെഞ്ചുറി നേടിയ നായകൻ സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ടിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. 31 പന്തിൽ നാലു ഫോറും നാലു സിക്സറുമുൾപ്പെടെ 55 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. 38 പന്തിൽ 48 റൺസുമായി ഓപ്പണർ വരുൺ നായനാരും സ്കോറിംഗിൽ നിർണായക പങ്കുവഹിച്ചു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് നാലാം ഓവറിൽത്തന്നെ ഓപ്പണര്‍ രോഹന് കുന്നുമ്മലിനെ(16 ) നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റില്‍ വരുണ്‍ നായനാരും വിഷ്ണു വിനോദും ചേർന്ന് പടുത്തുയർത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കേരളത്തിന് മികച്ച അടിത്തറയിട്ടത്. വരുണ്‍ നായനാര്‍ പുറത്തായശേഷം നാലാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്.
പത്തൊമ്പതാം ഓവറില്‍ വിഷ്ണു വിനോദിനെയും(35) തൊട്ടുപിന്നാലെ അബ്ദുള്‍ ബാസിതിനെയും(5) നഷ്ടമായെങ്കിലും സല്മാന് നിസാറും(4 പന്തില്‍ 11*) സഞ്ജുവും ചേര്‍ന്ന് കേരളത്തെ 20 ഓവറിൽ 183ല്‍ എത്തിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഒഡീഷയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ പ്രയൂഷ് സിംഗിനെ ബേസിൽ തമ്പി മടക്കി. തുടർന്ന് കൃത്യമായ ഇടവേളകളിൽ ഒഡീഷയ്ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 37 റൺസെടുത്ത സുബ്രാൻഷു സേനാപതിയാണ് ഒഡീഷ നിരയിലെ ടോപ് സ്കോറർ. രാജേഷ് ധൂപർ 28 റൺസും നായകൻ ഗോവിന്ദ പൊഡർ 27 റൺസുമെടുത്തു.
നാല് ഓവറിൽ 17 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും 3.1 ഓവറിൽ 18 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലുമാണ് ഒഡീഷ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. എതിരാളികളുടെ ഒമ്പത് വിക്കറ്റും ഇരുവരും ചേർന്നാണ് വീഴ്ത്തിയത്.
ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ആറിൽ ആറു ജയവും 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരളം. അഞ്ച് മത്സരത്തിൽ നാലു ജയവും 16 പോയിന്റുമായി ഹിമാചൽ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. വെള്ളിയാഴ്ച ആസാമിനെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.