കൊട്ടേക്കാട് (തൃശൂർ): മാലിന്യക്കുഴിയിൽ വീണ് ഒന്‍പതു വയസുകാരൻ മരിച്ച സംഭവത്തിൽ പോലീസ് ഇന്ന് വിശദമായ അന്വേഷണം നടത്തും.
കൊട്ടേക്കാട് കുന്നത്ത് പീടികയിൽ കുറുവീട്ടിൽ റിജോ ജോണിയുടെ മകൻ ജോണ്‍ പോളിനെയാണ് (ഒന്‍പത്) ഇന്നലെ രാത്രി വീടിന് സമീപമുള്ള പ്ലാസ്റ്റിക് കന്പനിയിലെ മാലിന്യക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൈക്കിളിൽ പോകുന്നതിനിടെ അബദ്ധത്തിൽ മാലിന്യക്കുഴിയിൽ വീണതാണെന്നാണ് നിഗമനം.
പ്ലാസ്റ്റിക് കന്പനി വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെയാണോ മാലിന്യക്കുഴി നിർമിച്ചതെന്ന് ഇന്ന് വിശദമായി പരിശോധിക്കും. ഇന്നലെ വൈകീട്ട് മുതൽ ജോണ്‍ പോളിനെ കാണാനില്ലായിരുന്നു.
തുടർന്ന് വീട്ടുകാരും സമീപവാസികളും നാട്ടുകാരും ഏറെനേരം തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അമ്മ: സന. സഹോദരിമാർ: നേഹ കീസ്റ്റി, ദിയ റോസ്.
തെരച്ചിലിനൊടുവിൽ മാലിന്യക്കുഴിയിൽ കാലുകൾ കണ്ടു…
തൃശൂർ: കാണാതായ ഒന്‍പതു വയസുകാരനെ തേടി വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക് കന്പനിയിലെ മാലിന്യക്കുഴിയിൽനിന്ന് രണ്ടു കാലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്.
ഉടൻ നാട്ടുകാരിൽ ഒരാൾ മാലിന്യക്കുഴിയിലേക്ക് ചാടുകയും ജോണ്‍പോളിനെ മാലിന്യക്കുഴിയിൽനിന്ന് പുറത്തെടുക്കുകയും ചെയ്തു. കുട്ടിക്ക് അപ്പോൾ ചെറിയ അനക്കമുണ്ടായിരുന്നതിനാൽ രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ അതിവേഗം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കുട്ടി സാധാരണ ഇതുവഴി സൈക്കിളും തള്ളി പോകാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. പ്ലാസ്റ്റിക് കന്പനിയിൽനിന്നുള്ള മാലിന്യങ്ങൾ ഈ കുഴിയിലേക്ക് നേരിട്ടെത്തുകയാണ്. പ്ലാസ്റ്റിക് കന്പനിക്ക് ലൈസൻസുണ്ടോ, മാലിന്യക്കുഴിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങൾ പോലീസും പഞ്ചായത്ത് അധികൃതകരും പരിശോധിക്കുന്നുണ്ട്.
മാലിന്യക്കുഴിയിൽനിന്ന് സൈക്കിൾ ഇപ്പോഴും പുറത്തെടുത്തിട്ടില്ല. ഫോറൻസിക് വിദഗ്ധരും മറ്റും എത്തിയ ശേഷമേ സൈക്കിൾ പുറത്തെടുക്കൂ. ജോണ്‍പോളിന്റെ കുടുംബം ഇവിടെ വാടകയ്ക്കു താമസിക്കുകയാണ്. കുട്ടി ട്യൂഷനു പോയിരിക്കുമെന്ന ധാരണയിലായിരുന്നു വീട്ടുകാർ. സഹോദരി വന്നപ്പോഴാണ് ജോണ്‍പോൾ ട്യൂഷനു വന്നിട്ടില്ലെന്ന് മനസിലായതും തെരച്ചിൽ തുടങ്ങിയതും