കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പത്തനംതിട്ട മാരാമണ്‍ സ്വദേശി വിനയ് മാത്യു(23)ആണ് മരിച്ചത്. കൊച്ചി ട്രൈഡന്റ് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ആയിരുന്നു.
ഇന്ന് പുലര്‍ച്ചെ 2.10-ന് തോപ്പുംപടി ഹാര്‍ബര്‍ ഇന്ദിരാഗാന്ധി റോഡില്‍ വച്ചായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് തോപ്പുംപടിയിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന വിനയ് സഞ്ചരിച്ച ബൈക്കില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാര്‍ ഇടിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും വിനയ് മരിച്ചു. കാറിലുണ്ടായിരുന്ന കൊച്ചി കസ്റ്റംസിലെ ഉദ്യോഗസ്ഥരായ പങ്കജ്കുമാര്‍ വര്‍മ, അന്തരീക്ഷ് ഡാഗ എന്നിവരെ ഹാര്‍ബര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.