മുംബൈ: ദസറ ആഘോഷത്തെ തങ്ങളുടെ കരുത്തു കാണിക്കാനുള്ള അവസരമാക്കി മാറ്റി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കി നില്‍ക്കെ കടുത്തഭാഷയിലാണ് ഇരുനേതാക്കളും പരസ്പരം ആക്രമിച്ചത്.
സാരതി ഗ്രാമത്തില്‍ മറാത്തകള്‍ക്കു മേല്‍ ലാത്തിച്ചാര്‍ജ് നടത്തിയത് ജാലിയന്‍ വാലാബാഗ് സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ഏക്നാഥ് ഷിന്‍ഡെയുടെ ഗവണ്മെന്റ് ജനറല്‍ ഡയറിന്റെ ഗവണ്മെന്റ് ആണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
ദാദറിലെ ശിവാജി പാര്‍ക്കില്‍ നടന്ന പരിപാടിയിലാണ് ഉദ്ധവ് ഇക്കാര്യം പറഞ്ഞത്. ശിവസേനാ സ്ഥാപകനും ഉദ്ധവിന്റെ പിതാവുമായ ബാല്‍ താക്കറെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നതും ഇവിടെ നിന്നായിരുന്നു.
അതേസമയം ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനില്‍ നടന്ന പരിപാടിക്കിടെ ഉദ്ധവിനെ രാവണനുമായി താരതമ്യപ്പെടുത്തിയായിരുന്നു ഏക്നാഥ് ഷിന്‍ഡെയുടെ പ്രസ്താവന.
രാവണന് തന്റെ യഥാര്‍ഥ രൂപം മറച്ചുവച്ച് സന്യാസിയായി ചമഞ്ഞ് സീതയെ തട്ടിക്കൊണ്ടു പോയതു പോലെയാണ് ഉദ്ധവ് താക്കറെ തന്റെ മുഖ്യമന്ത്രി മോഹം ഒളിപ്പിച്ചുവയ്ക്കുന്നതെന്ന് ഷിന്‍ഡെ പരിഹസിച്ചു.
കഴിഞ്ഞ വർഷം ജൂണിലാണ് ഏക്നാഥ് ഷിൻഡെയും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ചേർന്ന് ഉദ്ധവ് താക്കറെ നയിച്ച മഹാവികാസ് അഘാഡി സർക്കാരിനെ താഴെയിറക്കുന്നത്. തുടർന്ന് ബിജെപി പിന്തുണയോടെ ഷിൻഡെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.