അടൂര്‍: വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പോലീസ്. അടൂര്‍ ഏഴംകുളം നെടുമണ്‍ ഓണവിള പുത്തന്‍ വീട്ടില്‍ അനീഷ്ദത്ത (52)നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.
അനീഷ് ദത്തനും ഇളയസഹോദരന് മനോജ് ദത്തനും അമ്മ ശാന്തമ്മയും മാത്രമാണ് വീട്ടില്‍ താമസം. തിങ്കളാഴ്ച രാത്രി അനീഷും സഹോദരനും ഇവരുടെ മറ്റൊരു സുഹൃത്തും ചേര്‍ന്നു വീട്ടില്‍ മദ്യപിച്ചിരുന്നതായി അമ്മ പറയുന്നു.
തുടര്‍ന്ന് ചില ബഹളങ്ങളും നടന്നതായി സൂചനയുണ്ട്. പുലര്‍ച്ചെ രണ്ടോടെ ശാന്തമ്മ എഴുന്നേറ്റു വന്നപ്പോഴാണ് അകത്തേമുറിയില്‍ നിലത്ത് അനക്കമില്ലാതെ കിടക്കുന്ന അനീഷ്ദത്തനെ കണ്ടത്. ശാന്തമ്മയുടെ നിലവിളി കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അനീഷ് ദത്തന് ഹൃദ്രോഗിയാണെന്നും ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായ ആളാണെന്നും ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹത നീക്കുന്നതിനു നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
അടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
അനീഷ് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യയും മകളും ഏറെനാളായി വേര്‍പിരിഞ്ഞാണു താമസം.