കൊച്ചി/കാക്കനാട്: ഷവര്‍മ കഴിച്ചതിനു പിന്നാലെ ആരോഗ്യസ്ഥിതി മോശമായി മരിച്ച കാക്കനാട് കൊച്ചി സെസ് എസ്എഫ്ഒ കമ്പനി കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരുടെ (24) പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
കളമശേരി മെഡിക്കല്‍ കോളജിലാണ് രാഹുലിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന്റെ ഫലം ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ. രക്തപരിശോധനാഫലവും ഇന്ന് ലഭിച്ചേക്കും.
ഇവ രണ്ടും ലഭ്യമായതിനുശേഷമേ ഷവര്‍മയില്‍നിന്നുള്ള ഭക്ഷ്യവിഷബാധയാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ചു പോലീസും ആരോഗ്യവകുപ്പും അന്വേഷണം ഊര്‍ജിതമാക്കി. യുവാവിന്റെ ശരീരത്തില്‍ അണുബാധ ഉണ്ടായിട്ടുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ആന്തരികഅവയവങ്ങളുടെ പരിശോധനകള്‍ക്ക് ശേഷമേ പറയാന്‍ സാധിക്കു എന്നും പറഞ്ഞു.
കഴിഞ്ഞ 18ന് കാക്കനാട് മാവേലിപുരത്തെ ലെ ഹയാത്ത് എന്ന ഹോട്ടലില്‍ ഹോട്ടലില്‍ നിന്ന് ഇയാള്‍ ഓണ്‍ലൈനായി ഷവര്‍മ വാങ്ങി കഴിച്ചത്. കഴിച്ചതിനു ശേഷം ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെത്തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങി.
ആരോഗ്യനില വീണ്ടും ഗുരുതരമായതിനെ തുടര്‍ന്ന് ഞായര്‍ രാവിലെ കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. അവിടെനിന്നും കാക്കനാട്ടെ സണ്‍റൈസ് ആശുപത്രിയില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് എത്തിക്കുകയായിരുന്നു.
ഹൃദയസ്തംഭനം ഉണ്ടായ അവസ്ഥയിലാണ് രാഹുലിനെ എത്തിച്ചതെന്നാണ് ആശുപത്രിയുടെ മെഡിക്കല്‍ ബുളറ്റിനില്‍ പറയുന്നത്. തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
യുവാവിന്റെ ശരീരത്തില്‍ അണുബാധതയെ തുടര്‍ന്ന് ആന്തരിക അവയങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ബുധന്‍ ഉച്ചക്ക് 2.55നാണ് മരണം സ്ഥിരീകരിച്ചത്. ഷവര്‍മയില്‍നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിന്റെ പരാതി.