കോഴിക്കോട്: സിപിഎം രാഷ്ട്രീയ കാപ്സ്യുളുകള്ക്ക് ഇനി അതേതരത്തില്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ മറുപടിയുണ്ടാകും. ഇതിനായി കോണ്‍ഗ്രസ് സൈബര്‍ വിഭാഗത്തെ ശക്തിപ്പെടുത്താന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു.
പാര്‍ട്ടിയിലെ യുവ നേതാക്കളുടെ ശക്തമായ പിന്തുണ ഇതിന് ഉറപ്പാക്കും. നിലവില്‍ സിപിഎം അനുകൂല നിലപാടുകളുമായി അവരുടെ സൈബര്‍ വിഭാഗം അടിച്ചുകയറുമ്പോള്‍ മറുപടി ഇല്ലാത്ത അവസ്ഥയാണ് പാര്‍ട്ടിക്കുള്ളത്.
ഇതിന് മാറ്റം വരണമെന്നും നിര്‍ദേശമുണ്ടായി. ഇന്നലെ കോഴിക്കോട്ട് നിന്നു തുടങ്ങിയ കെപിസിസി പ്രസിഡന്റ് , പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെടുന്ന നേതാക്കളുടെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് തീരുമാനം.
നേതാക്കളുടെ പ്രസംഗങ്ങളേക്കാളും മാധ്യമ കസര്ത്തുകളേക്കാളും സോഷ്യല്‍ മീഡിയവഴിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ പാര്‍ട്ടി യുവജനസംഘടനകള്‍ രാഷ്ട്രീയ എതിരാളികളെ പോലെ ശക്തമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നില്ലെന്നും ഒരു വിഷയമുണ്ടാകുമ്പോള്‍ അതില്‍ പാര്‍ട്ടി നിലപാട് പ്രചരിപ്പിക്കാനും രാഷ്ട്രീയ എതിരാളികള്‍ക്ക് ശക്തമായ മറുപടി നല്‍കാനും ശ്രമിക്കുന്നില്ല.
ഇത് മാറണം. കേഡര്‍ പാര്‍ട്ടികളോട് മല്സരിച്ചുനില്ക്കേണ്ടതെന്ന ബോധം വേണം. ഓരോ ഭാരവാഹികള്‍ക്കും കൃത്യമായ ചുമതല നല്‍കും.
അത് നിര്‍വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇല്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സംസ്ഥാന നേതാക്കള്‍ ബ്ലോക്ക്, ഡിസിസി ഭാരവാഹികള്‍, കെപിസിസി അംഗങ്ങള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്കി.
മാത്രമല്ല കോഴിക്കോട്, വടകര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ അഭിമാനമണ്ഡലങ്ങളില് ഒരു ലക്ഷം ഭൂരിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.