അടൂര്‍: വസ്തുക്കച്ചവട ഇടപാടുമായി ബന്ധപ്പെട്ടെത്തി, ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിന്റെ നായിക തിരുവനന്തപുരം സ്വദേശി പ്രിയയ്ക്കെതിരേ നിരവധി തട്ടിപ്പു കേസുകള്‍.
തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തട്ടിപ്പുകേസുകളില്‍ പ്രതിയാണ് ഇന്നലെ അടൂരില്‍ അറസ്റ്റിലായ നെടുമങ്ങാട് കോലിയക്കോട് പ്രിയ ഭവനില്‍ പ്രിയ(35)യെന്ന് പോലീസ് പറഞ്ഞു.
അടൂര്‍ മുന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയിലാണ് പ്രിയയെയും സംഘത്തെയും ഇന്നലെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം തിരുവനന്തപുരം പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്(47), ആറ്റിങ്ങല്‍ കുന്നുവരം യാദവ് നിവാസില്‍ അനൂപ്(26) എന്നിവരും അറസ്റ്റിലായി.
ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുളള വസ്തു വാങ്ങാനെന്ന വ്യാജേന 37,45,000 രൂപ സംഘം ചേര്‍ന്ന് ഇവര്‍ തട്ടിയെടുത്തതായാണ് പരാതി. വസ്തു വില്‍ക്കാനുണ്ടെന്ന് അറിഞ്ഞ് ഒക്ടോബര്‍ ആദ്യം പ്രിയ, ജയചന്ദ്രന്റെ വീട്ടിലെത്തി.
വസ്തു ഇഷ്ടമായതായി ബോധ്യപ്പെടുത്തി ഇവര്‍ മടങ്ങി. മറ്റൊരു ദിവസം കൂട്ടു പ്രതികളായ സിദ്ദിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി പരാതിക്കാരുടെ മൂന്നാളത്തെ വീട്ടിലെത്തി കച്ചവടം ഉറപ്പിച്ചു.
ഇവിടെവച്ച് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കുകയും വില്പന കരാര്‍ തയാറാക്കി വസ്തു വാങ്ങാമെന്ന് ദമ്പതികളെ വിശ്വസിപ്പിക്കുകയും ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞ്, തങ്ങളുടെ പേരില്‍ പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്ഥിരനിക്ഷേപത്തിന്മേല് വായ്പയുണ്ടെന്നും അത് അടച്ചു തീര്‍ത്താല്‍ മാത്രമേ പുതിയ വായ്പ ലഭിക്കുകയുള്ളൂവെന്നും പ്രതികള്‍ വസ്തു ഉടമയെ അറിയിച്ചു.
കൂടാതെ, വായ്പ എത്രയും വേഗം അടച്ചു തീര്‍ക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട ഇവര്‍, പല തവണകളായി ഗൂളിള്‍ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും, നേരിട്ടു പണമായും, 33 പവന് സ്വര്‍ണാഭരണങ്ങളും കൈപ്പറ്റിയെന്നാണ് പരാതി.
ഇത്തരത്തില്‍ 37,45,000 രൂപ കബളിപ്പിച്ചെടുത്തതായി ജയചന്ദ്രന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന്, ഫോണ്‍ ഓഫ് ചെയ്തു സ്ഥലംവിട്ടു. കബളിപ്പിക്കപ്പെട്ടതറിഞ്ഞ് ജയചന്ദ്രന് പോലീസില്‍ പരാതി നല്കി.
അടൂര്‍ പോലീസിന്റെ അന്വേഷണത്തില്‍ ഒന്നാം പ്രതി പ്രിയയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് മനസിലായതിനേ തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശാനുസരണം പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
അങ്ങനെയാണ് ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളെ പിടികൂടിയത്.കഴക്കൂട്ടം, വട്ടപ്പാറ പോത്തന്‍കോട്, പൂന്തുറ, കുന്നംകുളം, കല്ലമ്പലം, തുമ്പ, ആറ്റിങ്ങല്‍, പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം കേസുകൾ പ്രിയയ്ക്കെതിരേ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിലേറെയും തട്ടിപ്പു കേസുകളാണ്.
അടൂര്‍ ഡിവൈഎസ്പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍, എസ് ഐമാരായ എം. മനീഷ്, ശ്യാമ കുമാരി, എസ് സിപിഒ രാധാകൃഷ്ണപിള്ള, സിപിഒമാരായ സൂരജ് , ശ്യാംകുമാര്‍, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തുടനീളം ഇത്തരം തട്ടിപ്പുകള്‍ നടത്തിവരുന്ന സംഘം, തട്ടിയെടുക്കുന്ന പണം ആര്‍ഭാട ജീവിതത്തിനായി ചെലവഴിക്കുകയാണെന്ന് പോലീസിനോടു സമ്മതിച്ചു.
പ്രദേശങ്ങള്‍ മാറിമാറി ആഡംബര വീടുകള്‍ എടുത്ത് താമസിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. വാഹനങ്ങളും വില കൂടിയ ഫോണുകളും സ്വര്‍ണാഭരങ്ങളും വാങ്ങുകയും പതിവാണ്. ഇത്തരത്തില്‍ ആര്‍ഭാടജീവിതം നയിച്ചുവന്ന പ്രതികളെ തന്ത്രപരമായാണ് അടൂര്‍ പോലീസ് കുടുക്കിയത്.