കോട്ടയം: ജില്ലാ കളക്ടര്‍ നിശ്ചയിച്ച സമയപരിധി അവസാനിക്കാറായിട്ടും തിരുനക്കരയിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കല്‍ എങ്ങുമെത്തിയില്ല. 45 ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുനീക്കണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.
എന്നാല്‍ 42 ദിവസം പിന്നിട്ടിട്ടും പൊളിക്കല്‍ പാതിവഴിയില്പോലുമായിട്ടില്ല. ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലമാത്രമാണ് ഇതുവരെ ഇടിച്ചിട്ടത്. പോസ്റ്റ് ഓഫീസ് റോഡിനോടു ചേര്‍ന്നുള്ള കെട്ടിടം പൊളിക്കാന്‍ ആരംഭിച്ചിട്ടുമില്ല.
പകലും രാത്രിയും പൊളിക്കല്‍ ജോലികള്‍ നടത്തണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.15 വരെ മാത്രമാണ് പൊളിക്കല്‍ നടക്കുന്നത്.
നഗരസഭയുമായുള്ള കരാര്‍ പ്രകാരം രാത്രി എട്ടുമുതല്‍ രാവിലെ അഞ്ചുവരെ കെട്ടിടം പൊളിക്കണമെന്നാണ് വ്യവസ്ഥ. കെട്ടിടത്തില്‍ വിള്ളല്‍ കാണപ്പെടുന്ന പോസ്റ്റ് ഓഫിസ് റോഡിലും ആര്യഭവന് ഹോട്ടലിനു സമീപത്തും അടിയന്തരമായി പൊളിക്കല്‍ ജോലി നടത്തണമെന്ന ആവശ്യവും കരാറുകാര്‍ തള്ളിയെന്ന് ഇവിടെയുള്ള വ്യാപാരികള്‍ പറയുന്നു.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ടെമ്പിള്‍ റോഡ് അടച്ചതും യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇവിടെ ബാരിക്കേഡ് വച്ചു വഴിതടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടം പൊളിക്കുന്നതിനിടെ സിമന്റ് പാളികള്‍ അടര്‍ന്നുവീണിരുന്നു.
തുടര്‍ന്നാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡ് അടച്ചതോടെ ഈഭാഗത്തെ വ്യാപാരസ്ഥാപനങ്ങളെല്ലാം വിജനമായി.പത്തനംതിട്ട എംഎംകെ ട്രെഡേഴ്സും കൊല്ലം അലയന്സ്റ്റീലും ചേര്‍ന്നാണ് പൊളിക്കല്‍ ജോലികള്‍ നടത്തുന്നത്. കെട്ടിടം പൂര്‍ണമായും പൊളിക്കാന്‍ മൂന്നു മാസം വേണ്ടിവരുമെന്നാണ് എംഎംകെ ട്രെഡേഴ്സ് ഉടമ മുഹമ്മദ് മുസ്തഫ പറയുന്നത്.
കഴിഞ്ഞ ഒക്ടോബറിലാണ് അപകടഭീഷണിയിലാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വ്യാപാരികളെ ഒഴിപ്പിച്ചത്.
പഴയകെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്. ഇപ്പോള്‍ ഹോട്ടലും ബാറും പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴികെയുള്ള ഭാഗങ്ങളാണ് പൊളിച്ചുനീക്കുന്നത്.