യുണൈറ്റഡ് നേഷൻസ്: തങ്ങളുടെ രാജ്യം യുദ്ധം ചെയ്യുന്നത് പലസ്തീനോടല്ലെന്നും ഹമാസിനോടാണെന്നും ഇസ്രയേൽ യുഎന്നിൽ.
ഇസ്രയേലിൽ ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്ക് പലസ്തീനുമായി ഒരു ബന്ധവുമില്ലെന്നും യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സെഷനിൽ ഇസ്രയേലിന്റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ പറഞ്ഞു.
“ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയും തുടർന്നുണ്ടായ സംഭവങ്ങളും പലസ്തീനുമായി ഒരു ബന്ധവുമില്ല. അറബ്-ഇസ്രയേൽ സംഘർഷവുമായോ പലസ്തീൻ പ്രശ്നവുമായോ ഇതിന് ബന്ധമില്ല.
ഇത് പലസ്തീനുമായുള്ള യുദ്ധമല്ല. വംശഹത്യ നടത്തുന്ന ജിഹാദി ഹമാസ് ഭീകരസംഘടനയുമായി മാത്രമാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്. ആധുനിക നാസികൾക്കെതിരായ ഇസ്രയേൽ ജനാധിപത്യമാണിത്..’ എർദാൻ കൂട്ടിച്ചേർത്തു.
ഹമാസിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, അത് എല്ലാ ജൂതന്മാരെയും കൊലപ്പെടുത്തുക എന്നതാണ്. പലസ്തീൻ ജനതയെ ഹമാസ് ശ്രദ്ധിക്കുന്നില്ല.
സമാധാനമോ ചർച്ചയോ അവർ ശ്രദ്ധിക്കുന്നില്ല. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക, ഭൂമിയിലെ എല്ലാ ജൂതന്മാരെയും കൊലപ്പെടുത്തുക എന്ന ഒരേയൊരു ലക്ഷ്യമേ ഹമാസിനുള്ളൂവെന്നും എർദാൻ പറഞ്ഞു.
ഹമാസിനെ തുടച്ചുനീക്കുന്നതുവരെ തങ്ങൾ വിശ്രമിക്കില്ലെന്നും തങ്ങളുടെ ബന്ദികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇസ്രായേലിന്റെ ദൗത്യം ഭൂമിയിൽ നിന്ന് ഈ തിന്മയെ ഉന്മൂലനം ചെയ്യുക എന്നതാണ്. ഐഎസ്ഐഎസ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയയും, ഹമാസ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഗാസയും ആണ്. അതിനാൽ, ഐഎസിനോട് ചെയ്തത് പോലെ, ഹമാസും ഇനി ഉണ്ടാകരുത്..’ – എർദാൻ പറഞ്ഞു.