ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടർന്ന് 28 ദിവസം ജയിലിൽ കഴിയേണ്ടി വന്ന നടി റിയ ചക്രവർത്തി, തന്റെ ജയിൽ അനുഭവത്തെക്കുറിച്ച് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.
അടുത്തിടെ നടന്ന ഒരു ഇവന്റിൽ ജയിലിൽ കിടന്ന കാലത്തെക്കുറിച്ച് നടി പങ്കുവച്ചു. അത് വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നെങ്കിലും, അവിടെ ഏറ്റവും സന്തുഷ്ടരായ ചില ആളുകളെ കാണാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും റിയ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ റിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുവരെ കുറ്റം ചെയ്തിട്ടില്ലാത്ത വ്യക്തികളെ തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരു അണ്ടർ ട്രയൽ ജയിൽ ഉണ്ടെന്നും റിയ വെളിപ്പെടുത്തി. “കുറ്റം തെളിയിക്കപ്പെടാത്തതിനാൽ അവിടെയുള്ള എല്ലാ സ്ത്രീകളും നിരപരാധികളായിരുന്നു. അവരെ കാണുമ്പോഴും അവരോട് ഇടപഴകുമ്പോഴും എനിക്ക് ആ സ്ത്രീകളിൽ സ്നേഹവും സഹിഷ്ണുതയും അനുഭവപ്പെട്ടു. ചെറിയ കാര്യങ്ങളിൽ അവർ സന്തോഷം കണ്ടെത്തി. ഞാൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും സന്തുഷ്ടരായ ആളുകളിൽ ചിലരും അവരാണ്.” റിയ കൂട്ടിച്ചേർത്തു,
2020 ജൂൺ 14-നാണ് സുശാന്ത് സിംഗ് രാജ്പുത് അന്തരിച്ചത്. സംഭവം വാർത്തകളിൽ ഇടം നേടുകയും വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ആദ്യം ആത്മഹത്യയാണെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും മാനസികാരോഗ്യം, സിനിമാ വ്യവസായത്തിലെ സ്വജനപക്ഷപാതം എന്നിവയെ കുറിച്ചുള്ള വിവിധ അന്വേഷണങ്ങൾക്കും ചർച്ചകൾക്കും ഇത് കാരണമായി.
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഉൾപ്പെടെ നിരവധി ഏജൻസികൾ സുശാന്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചു. അന്വേഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.