കോട്ടയം: മെഡിക്കല്‍ കോളജ് ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ മൂന്ന് അനസ്തേഷ്യ ഡോക്ടര്‍മാര്‍ ഡ്യൂട്ടി ചെയ്യുന്നതു മാസത്തില്‍ നാലുതവണ മാത്രം.
ശബളം കൈപ്പറ്റുന്നതോ ഒരു ലക്ഷം രൂപയ്ക്കു മുകളില്‍. ആശുപത്രി വികസന സൊസൈറ്റി മുഖേന ജോലിയില്‍ പ്രവേശിച്ച അതിരമ്പുഴ, ഏറ്റുമാനൂര്‍, ആലുവ സ്വദേശികളായ ഡോക്ടര്‍മാരാണ് ഇങ്ങനെ ജോലി ചെയ്യുന്നത്.
എച്ച്ഡിഎസില്‍ 700ലധികം വരുന്ന നഴ്സുമാര്‍ അടക്കമുള്ള മറ്റു ജീവനക്കാര്‍ക്കു കുറഞ്ഞ വേതനമാണ് ഇപ്പോഴും നല്‍കിവരുന്നത്. ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ ജീവനക്കാർക്കൊഴികെ മറ്റു വിഭാഗത്തിലെ ജീവനക്കാര്‍ക്കു നിശ്ചിതസമയത്തു ശന്പളം ലഭിക്കാറുമില്ല.
വര്‍ഷങ്ങളായി കണ്ടിജന്‍സി വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് 500 രൂപയാണ് ഇപ്പോഴും ദിവസവേതനം നല്‍കുന്നത്. ദിവസവേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു നിരവധിത്തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
എച്ച്ഡിഎസ് മുഖേന വിവിധ ജോലികളില്‍ പ്രവേശിച്ചവര്‍ക്ക് 550, 600, 650 തുടങ്ങി വിവിധ തരത്തിലുള്ള ദിവസവേതനമാണു നല്കിക്കൊണ്ടിരിക്കുന്നത്.
എച്ച്ഡിസിയിലും രണ്ടുതരത്തിലാണ് ശന്പളം നല്‍കുന്നത്. ഹൃദയശസ്ത്രക്രിയാവിഭാഗത്തിലെ എച്ച്ഡിഎസ് ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശബളം ലഭിക്കുമ്പോള്‍ മറ്റു വിഭാഗങ്ങളില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് കൃത്യമായി വേതനം ലഭിക്കാറില്ല.
ഡോക്ടര്‍മാര്‍ ഒഴികെ മെഡിക്കല്‍ കോളജില്‍ എല്ലാ വിഭാഗങ്ങളിലുമായി ജോലി ചെയ്യുന്ന മുഴുവന്‍ എച്ച്ഡിഎസ് ജീവനക്കാരും ഡ്യൂട്ടിക്കെത്തുമ്പോഴും ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോഴും നഴ്സിംഗ് സൂപ്രണ്ട് ഓഫീസിലെത്തി ഒപ്പ് രേഖപ്പെടുത്തണം.
ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ എച്ച്ഡിഎസ് ജീവനക്കാര്‍ നഴ്സിംഗ് സൂപ്രണ്ട് ഓഫീസിലെത്തി ഒപ്പു രേഖപ്പെടുത്താറില്ല. ഹൃദയശസ്ത്രക്രിയാ വിഭാഗത്തിൽ 24 മണിക്കൂറും ഡ്യൂട്ടി ഉള്ളതിനാലാണ് നഴ്സിംഗ് സൂപ്രണ്ട് ഓഫീസിലെത്തി മറ്റു ജീവനക്കാരെപ്പോലെ ഒപ്പ് രേഖപ്പെടുത്തുവാൻ കഴിയാത്തതെന്ന് അധികൃതർ പറയുന്നു. പ്രിൻസിപ്പലിന്റെ നിർദേശപ്രകാരമാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു സ്ഥാപനത്തില്‍ എച്ച്ഡിഎസ് മുഖേന ജോലിയില്‍ പ്രവേശിച്ചവർക്ക് രണ്ടു തരത്തില്‍ ശന്പളം നല്‍കുന്നതും അറ്റൻഡൻസ് രേഖപ്പെടുത്തുന്നതും അധികൃതരുടെ ഭാഗത്തുനിന്നുളള വിവേചനമാണെന്നും എല്ലാ എച്ച്ഡിഎസ് ജീവനക്കാര്‍ക്കും ഒരേമാനദണ്ഡം നടപ്പാക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.