കൊച്ചി: ചെന്നൈ-ആലപ്പി എക്സ്പ്രസ് 13 മണിക്കൂര്‍ വൈകിയതു മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണറെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്.
ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജരായ കാര്‍ത്തിക് മോഹന്‍ ചെന്നൈയില്‍ കമ്പനിയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാൻ പോകുന്നതിനാണ് ചെന്നൈ-ആലപ്പി എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.
എന്നാല്‍ ട്രെയിന്‍ യാത്രയ്ക്കായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാത്രമാണ് ട്രെയിന്‍ 13 മണിക്കൂര്‍ വൈകും എന്ന അറിയിപ്പ് റെയില്‍വേയില്‍നിന്നു ലഭിച്ചത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പരാതിക്കാരന് ചെന്നൈയില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുക്കാനായില്ല.
റെയില്‍വേയുടെ നിരുത്തരവാദപരമായ ഈ പ്രവൃത്തികാരണം സാമ്പത്തിക, മാനസിക ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിൽ യാത്രക്കാരന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
എന്നാല്‍ യാത്രയുടെ ഉദ്ദേശ്യം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്നുമാണ് റെയില്‍വേ ഉന്നയിച്ച വാദം.
റെയില്‍വേയുടെ വാദങ്ങളെ പൂര്‍ണമായും തള്ളിയ കമ്മീഷന്, ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയില്‍വേ യാര്‍ഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതുമൂലമാണ് ട്രെയിന്‍ വൈകിയതെന്നും ഇക്കാര്യം നേരത്തേ അറിയാമായിരുന്നിട്ടും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കുന്നതിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും റെയില്‍വേ അധികൃതര്‍ പരാജയപ്പെട്ടെന്നും കണ്ടെത്തി.
ട്രെയിന്‍ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും റെയില്‍വേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിനു കാരണമെന്നും കമ്മീഷന് വിലയിരുത്തി. ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് യാത്രക്കാരന്റെ അവകാശമാണെന്ന് കമ്മീഷന് ഓര്‍മിപ്പിച്ചു.
തുടര്‍ന്ന് സേവനത്തില്‍ വീഴ്ചവരുത്തിയ സതേണ്‍ റെയില്‍വേ, 60,000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10,000 രൂപ കോടതിച്ചെലവായും 30 ദിവസത്തിനകം നല്‍കണമെന്ന് കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു, മെംബര്‍മാരായ വൈക്കം രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.