ന്യൂഡൽഹി: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഗാസയിൽ കരവഴിയുള്ള ആക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ അതിശക്തമായ ആക്രമണമാണ് ഇസ്രയേൽ സേന നടത്തുന്നത്. ഇസ്രയേൽ ആക്രമണങ്ങളെ പൂർണ ശക്തിയോടെ എതിർക്കുകയാണെന്ന് ഹമാസും പറഞ്ഞു.
ഇസ്രേലി ടാങ്കുകൾ ഗാസയിലേക്കു പ്രവേശിക്കുന്നതും വെടിയുതിർക്കുന്നതും വലിയ സ്ഫോടനങ്ങളുണ്ടാകുന്നതും ഓൺലൈൻ വാർത്താ ഏജൻസിയായ വിസെഗ്രാഡ് 24 എക്സിൽ പങ്കുവച്ച ദൃശ്യങ്ങളിലുണ്ട്.
ആക്രമണം ശക്തമായതോടെ ഗാസയിൽ ഇന്റർനെറ്റ്, ഫോൺ സംവിധാനങ്ങൾ തകരാറിലായി. നിലവിൽ 2.3 ദശലക്ഷത്തിലേറെ ആളുകളാണു പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.
ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകുന്നതിലാണ് ഗാസയിൽ ആക്രമണം കടുപ്പിച്ചത്. ഹമാസ് ഭീകരരുടെ ഒളിയിടങ്ങളിലേക്ക് ഇസ്രയേൽ യുദ്ധവിമാനങ്ങൾ നിരന്തരം ആക്രമണം നടത്തുന്നുണ്ട്.
ഗാസയുടെ വടക്കൻ ഭാഗത്ത് ആക്രമണം വ്യാപിപ്പിച്ചതിനാൽ പലസ്തീനികളോട് തെക്കൻ ഗാസയിലേക്ക് നീങ്ങാൻ ഇസ്രയേൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ ആഹ്വാനം ചെയ്തു.
ഇസ്രയേലിന്റെ ആക്രമണങ്ങളെ ചെറുക്കുകയാണെന്നും അവരുടെ നുഴഞ്ഞുകയറ്റങ്ങളെ പരാജയപ്പെടുത്താനും അൽ-ഖസാം ബ്രിഗേഡുകളും പലസ്തീൻ പ്രതിരോധ സേനകളും പൂർണമായും സജ്ജമാണെന്ന് ഹമാസ് പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം ഇസ്രയേലിൽ 1,400ലധികം ആളുകൾക്കു ജീവൻ നഷ്ടപ്പെട്ടു. ഗാസയിൽ 7,000ത്തിലേറെ ആളുകൾ മരിച്ചതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.