കൊച്ചി: വ്യാജ എംഎല്‍എ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനവുമായി പിടിയിലായ പ്രതിയെ തെലുങ്കാന പോലീസിനു കൈമാറി. ആന്ധ്രപ്രദേശം ചന്ദ്രഗിരി എംഎല്‍എയുടെ സ്റ്റിക്കറും ഗവ. ചീഫ് വിപ്പ് ലേബലും വ്യാജമായി പതിച്ച തെലങ്കാന രജിസ്ട്രേഷനുള്ള വാടക കാറുമായി അപകടമുണ്ടാക്കിയ തെലങ്കാന സ്വദേശി അജിത് ബുമ്മാറ(40) യെ കഴിഞ്ഞ ദിവസം മരട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
തെലുങ്കാനയിലെ തട്ടിപ്പ് കേസില്‍ പ്രതിയായ ഇയാള്‍ അവിടെനിന്നും വാടകയ്ക്ക് എടുത്ത് കാറുമായി കൊച്ചിയിലേക്ക് മുങ്ങുകയായിരുന്നു. മരട് നിരവത്ത് റോഡില്‍ വച്ച് ഈ വാഹനം ഒരു വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറി.
തുടര്‍ന്ന് വീട്ടുകാരും അജിത്തിന്റെ കാറിനെ പിന്തുടര്ന്ന് വന്നവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് മരട് പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. പരിശോധിച്ചപ്പോഴാണ് എംഎല്‍എ സ്റ്റിക്കര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് തെലുങ്കാന തിരുപ്പതി റൂറല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇയാള്‍ തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന് മനസിലായത്.
എംഎല്‍എയുടെ മകനാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇന്നലെ തെലുങ്കാനയില്‍ നിന്നെത്തിയ പോലീസ് സംഘത്തിന് മരട് പോലീസ് ഇയാള കൈമാറി.