പാമ്പാടി: പുലിപ്പേടിയില്‍ കൂരോപ്പട നിവാസികളും. ളാക്കാട്ടൂര്‍ പ്രദേശത്തെ മാങ്കുന്ന്, പുതുക്കുളം, താന്നിക്കുന്നു ഭാഗങ്ങളില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം. വനം വകുപ്പു സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മാങ്കുന്ന്, പുതുക്കുളം, താന്നിക്കുന്ന് പ്രദേശങ്ങളിലെ നാട്ടുകാരാണ് അജ്ഞാത ജീവിയെ കണ്ടതായി പറഞ്ഞത്. ഇന്നലെ പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ താന്നിക്കുന്ന് സ്വദേശി അജ്ഞാത ജീവിയെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു.
മാങ്കുന്നിലെ വളര്‍ത്തുനായയെ ഏതോ ജീവി ആക്രമിച്ചതായും പറയുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാന്, പ്രതിപക്ഷ നേതാവ് അനില്‍ കൂരോപ്പട, പഞ്ചായത്ത് അംഗങ്ങളായ സോജി ജോസഫ്, സന്ധ്യാ ജി. നായര്‍ എന്നിവര്‍ സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ ആശങ്ക വനം വകുപ്പിന്റെ ഓഫീസില്‍ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി ജനപ്രതിനിധികള്‍ക്കൊപ്പം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പരിശോധനയില്‍ പുലിയല്ലെന്ന നിഗമനത്തിലാണ് എത്തിയത്.
പുലിപൂച്ചയോ കുറുനരിയോ ആകാമെന്നാണ് വനം വകുപ്പ് പറഞ്ഞത്. ഇതോടെ പൂര്‍ണമായി ആശങ്കയും ഭയവും മാറിയില്ലെങ്കിലും തെല്ല് ആശ്വാസം ലഭിച്ചതായി നാട്ടുകാര്‍ പറഞ്ഞു. നിരവധി ഏക്കര്‍ സ്ഥലമാണ് സ്വകാര്യ വ്യക്തികളുടെ ഈ പ്രദേശത്ത് കാടുപിടിച്ച് കിടക്കുന്നത്.
റെയില്‍വേ പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് കണ്ണന്കുന്നിനു സമീപം നിര്‍മിച്ചിരിക്കുന്ന വീടുകളും കാടുപിടിച്ച് കിടക്കുകയാണ്. ഇവ വെട്ടിത്തെളിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കാട്ടുപന്നി, കുറുക്കന്, നരി എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.