മക്കൾ പ്രായപൂർത്തിയാകുമ്പോൾ വീട് മാറി താമസിക്കാൻ അവർ വാശി പിടിക്കുന്നത് സ്വഭാവികമാണ്. എന്നാൽ ഇവിടെ സംഗതി അല്പം വ്യത്യസ്തമാണ്. ഇറ്റലിയിലെ 75വയസുകാരിയായ ഒരു അമ്മ തന്റെ മക്കൾ പ്രായപൂർത്തിയായതിനാൽ വീട് വിട്ട് മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
മക്കളിൽ ഒരാൾക്ക് 42 വയസും മറ്റേയാൾക്ക് 40 വയസുമാണ്. സ്വന്തമായി മാറി താമസിക്കാൻ അവർ മക്കളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും മക്കൾ സമ്മതിച്ചില്ല. തുടർന്ന് സംഭവം കോടതിവരെ എത്തി. പിന്നാലെ അവരെ വീട്ടിൽ നിന്ന് മാറ്റാൻ നിയമപരമായ ഉത്തരവ് നേടി.
വടക്കൻ ഇറ്റലിയിലെ പവിയയിൽ താമസിക്കുന്ന ഇവർ മക്കളെ മാറ്റി താമസിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ മക്കൾ പോകാൻ തയ്യാറായില്ല. അവരുടെ വിസമ്മതത്തെ അഭിമുഖീകരിച്ച് അമ്മ മക്കളെ കോടതിയിലെത്തിച്ചു. ജഡ്ജി സിമോണ കാറ്റർബി അമ്മയ്ക്ക് അനുകൂലമായി വിധിച്ചു. ഡിസംബർ 18നകം രണ്ട് കുട്ടികളും അമ്മയുടെ വീട്ടിൽ നിന്ന് മാറണമെന്ന് ജഡ്ജി ഉത്തരവിട്ടു.
രണ്ട് ആൺമക്കൾ വീട്ടുചെലവുകൾ വഹിക്കാൻ സഹായിക്കാത്തതും വീട്ടുജോലികളിൽ സഹായിക്കാൻ തയ്യാറാകാത്തതും കാരണം അമ്മ നിരാശയിലാണെന്ന് ഇറ്റാലിയൻ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. സ്വന്തമായി ഒരു ജീവിതം തുടങ്ങാൻ അവരെ ബോധ്യപ്പെടുത്താനുള്ള അവളുടെ ശ്രമങ്ങൾ നിഷ്ഫലമായതിനാൽ കോടതി വഴി അവരെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.