ജറൂസലേം: ഗാസ മുനന്പിൽ ഹമാസ് തീവ്രവാദികളുടെ താവളങ്ങളിലേക്ക് ഇസ്രയേൽ വ്യോമ, കര ആക്രമണം കടുപ്പിച്ചു.ഗാസാ സിറ്റിയിൽ തീവ്രവാദികൾ താവളമാക്കിയെന്നു സംശയിക്കുന്ന ഷിഫ ആശുപത്രിക്കു സമീപം ഇസ്രേലി പോർവിമാനങ്ങൾ ആക്രമണം നടത്തി. നൂറുകണക്കിനു രോഗികൾ ചികിത്സയിലുള്ള ആശുപത്രിയിൽ പ്രദേശവാസികളായ ആയിരങ്ങളും അഭയം തേടിയിട്ടുണ്ട്.
വ്യോമാക്രമണത്തിൽ ഷിഫ ആശുപത്രിയിലേക്കുള്ള മിക്ക റോഡുകളും തകർന്നു. ഷിഫ ആശുപത്രിയുടെ അടിയിലാണ് ഹമാസ് തീവ്രവാദികളുടെ പ്രധാന താവളമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.
ഇസ്രേലി വ്യോമസേന ഗാസയിലെ 450 കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം ആക്രമണം നടത്തിയത്. ഹമാസിന്റെ മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സ്, നിരീക്ഷണ പോസ്റ്റുകൾ, ടാങ്ക് വേധ മിസൈൽ വിക്ഷേപിണികൾ എന്നിവ തകർത്തു.
ടാങ്കുകളുമായി ഗാസയിൽ പ്രവേശിച്ച ഇസ്രേലി കരസേന നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചു. ഒരു തുരങ്കത്തിൽ ഒളിച്ചിരുന്ന തീവ്രവാദികൾ ഇസ്രേലി സേനയുമായി ഏറ്റുമുട്ടുകയായിരുന്നുവെന്നാണു റിപ്പോർട്ട്.
ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8,005 ആയി. ഇവരിൽ 3,300 കുട്ടികളും 2,000 സ്ത്രീകളും ആണ്. ഗാസയിൽ അവശ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന വെയർഹൗസുകൾ തകർത്ത് ജനം ഭക്ഷണവും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടുപോയെന്ന് യുഎന്നിന്റെ പലസ്തീൻ സഹായ ഏജൻസി (യുഎൻആർഡബ്ല്യുഎ) അറിയിച്ചു.
ഗാസയിലെ സാമൂഹികാന്തരീക്ഷം എത്രമാത്രം ഗുരുതരമാണെന്നതിന്റെ തെളിവാണിതെന്ന് യുഎൻ ഏജൻസി ഡയറക്ടർ തോമസ് വൈറ്റ് പറഞ്ഞു. ഗാസാ സിറ്റിയിലെ അൽ-ഖുദ്സ് ആശുപത്രിയിലെ രോഗികളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ആവശ്യപ്പെട്ടതായി റെഡ് ക്രോസ് വൃത്തങ്ങൾ പറഞ്ഞു.
ഇസ്രയേൽ ജയിലുകളിലുള്ള ആയിരക്കണക്കിനു പലസ്തീനികളെ മോചിപ്പിക്കുകയാണെങ്കിൽ ബന്ദികളെ വിട്ടയയ്ക്കാമെന്ന് ഉന്നത ഹമാസ് നേതാവ് യെഹിയ സിൻവാർ പറഞ്ഞു. എന്നാൽ, ഈ നിർദേശം ഇസ്രേലി സൈനികവക്താവ് ഡാനിയേൽ തള്ളി. ഇസ്രയേലിനു നേർക്ക് ഇന്നലെയും ഹമാസ് തീവ്രവാദികൾ ആക്രമണം തുടർന്നു.