പ്രകൃതിയുടെ വികൃതികൊണ്ട് വ്യത്യസ്തമായ രൂപങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതിപ്പോള്‍ മനുഷ്യരുടെ കാര്യത്തിലും സംഭവിക്കും. ജനിതകവൈകല്യം എന്നോ, അപൂര്‍വത എന്നൊക്കെയോ നാം ഇതിനെ പറയാറുണ്ട്.
ഇത്തരത്തിലെ മാറ്റങ്ങള്‍ ആദ്യ കാഴ്ചയില്‍ വലിയ അതിശയം സമ്മാനിക്കാറുണ്ട്. അത്തരത്തില്‍ കാണികള്‍ക്ക് കൗതുകമായി മാറിയ ഒരു പൂച്ചയുടെ കാര്യമാണിത്.
ഈ പൂച്ച അങ്ങ് യുകെയിലാണുള്ളത്. നാനി മക്ഫീ എന്നാണിതിന്റെ പേര്. ക്യാറ്റ്സ് പ്രൊട്ടക്ഷന്റെ വാറിംഗ്ടണ്‍ അഡോപ്ഷന്‍ സെന്ററിലാണ് നാനി ഉള്ളത്.
ഈ പൂച്ചയുടെ പ്രത്യേകത എന്തെന്നാല്‍ അതിന് രണ്ട് മൂക്ക് ഉണ്ടെന്നതാണ്. ഒറ്റനോട്ടത്തില്‍ വലിയൊരു മൂക്ക് എന്നാണാദ്യം തോന്നുക. എന്നാല്‍ ഈ പൂച്ചയുടേത് രണ്ട് മൂക്കാണത്രെ.
മുഖത്ത് ടാന്‍ വരയും വലിയ തവിട്ടുനിറമുള്ള കണ്ണുകളുമുള്ള ഈ നാലുവയസുകാരി നാനി സാധാരണ കാഴ്ചക്കാര്‍ക്ക് മാത്രമല്ല മൃഗഡോക്ടര്‍മാര്‍ക്കും ഒരദ്ഭുതമാണ്.
ജനിതകപ്രശ്നം എന്നാണവര്‍ കരുതുന്നത്. എന്തായാലും ഈ മൂക്കുകൾ നിമിത്തം നാനി സൈബര്‍ ലോകത്തും ഹിറ്റായി. ഇപ്പോള്‍ നിരവധി പേരാണ് നാനിയെ ദത്തെടുക്കാനായി ക്യൂ നില്‍ക്കുന്നത്.