ജറൂസലേം: ഗാസയിലേക്കു കൂടുതൽ കടന്ന് ഇസ്രേലി കരസേനയും ടാങ്കുകളും. ഗാസാ സിറ്റിയെ രണ്ടു ഭാഗത്തുനിന്നും ഇസ്രേലി സേന വളഞ്ഞിരിക്കുകയാണ്. തുരങ്കങ്ങളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ആക്രമണം നടത്തിയ നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു.
ആയുധ ഡിപ്പോകളും ആന്റി ടാങ്ക് മിസൈൽ ലോഞ്ചിംഗ് കേന്ദ്രങ്ങളും അടക്കം 600 ലക്ഷ്യങ്ങളിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയത്. പരിക്കേറ്റവർ ഉൾപ്പെടെ ആയിരങ്ങൾ അഭയം തേടിയിരിക്കുന്ന ആശുപത്രികൾക്കു സമീപം ആക്രമണം നടത്തുന്നതിനെതിരേ യുഎൻ ഇസ്രയേലിനു മുന്നറിയിപ്പു നല്കി.
വടക്കൻ ഗാസയിലെ ആശുപത്രികളിൽ 1,17,000 പേരാണ് അഭയം തേടിയിരിക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8,300 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഷിഫ, അൽ ഖുദ്സ് ആശുപത്രികൾക്കും ഇന്തോനേഷ്യൻ, ടർക്കിഷ് ആശുപത്രികൾക്കും സമീപം ഇസ്രേലി സേനയുടെ ആക്രമണമുണ്ടായി.
വടക്കൻ ഗാസയിലെ 10 ആശുപത്രികളിലും കഴിയുന്ന രോഗികൾ ഉൾപ്പെടെയുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ഉത്തരവിട്ടിരിക്കുകയാണ്. വെന്റിലേറ്ററിലുള്ള രോഗികളെ ഒഴിപ്പിക്കുന്നത് അവരെ മരണത്തിലേക്കു തള്ളിവിടുമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
ഒഴിയാൻ നിർദേശം നല്കിയശേഷം ഇസ്രയേൽ സേന അൽ ഖുദ്സ് ആശുപത്രിയുടെ 50 മീറ്റർ അടുത്ത് ആക്രമണം നടത്തിയതിനെത്തു ടർന്ന് ആശുപത്രിക്ക് കേടുപാട് സംഭവിച്ചു. 14,000 പേരാണ് ഈ ആശുപത്രിയിൽ അഭയം തേടിയിരിക്കുന്നത്.
ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണത്തിനിടെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ജർമൻ യുവതി ഷാനി ലൂക് (22) മരിച്ചതായി സ്ഥിരീകരിച്ചു. ഷാനിയെ പിക്കപ്പ് വാനിന്റെ പിറകിൽ നഗ്നയാക്കി പ്രദർശിപ്പിച്ചുവെന്നാണു റിപ്പോർട്ട്. ഇതിനിടെ, ഇന്നലെ മൂന്നു ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു.
വെസ്റ്റ് ബാങ്കിൽ ഇന്നലെ ഇസ്രേലി പോർവിമാനങ്ങൾ ആക്രമണം നടത്തി. നാല് ഇസ്ലാമിക് ജിഹാദ് തീവ്രവാദികളെ ഇസ്രേലി സേന വധിച്ചു. ഗാസയിലും വടക്കൻ അതിർത്തിയിലും സംഘർഷം രൂക്ഷമായതോടെ രണ്ടര ലക്ഷം പൗരന്മാരെ ഇസ്രയേൽ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ഞായറാഴ്ച അവശ്യസാധനങ്ങളുമായി ഈജിപ്തിൽനിന്ന് 33 ട്രക്കുകൾ ഗാസയിലെത്തി.