അഞ്ചല്‍: കുളത്തുപ്പുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാരതീപുരം മറവന്ചിറയില് സന്ദീപിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ലോറി കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.
ഭാരതീപുരം രജനി വിലാസത്തില്‍ അഴിമതി ബിനു എന്ന ബിനു തങ്കപ്പന് ആണ് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ബിനു മറവന്‍ചിറ സ്വദേശി സന്ദീപിന്റെ ഉടമസ്ഥതിയിലുള്ള ടിപ്പര്‍ലോറിക്ക് തീയിട്ടത്. തീ പിടുത്തത്തില്‍ ലോറിയുടെ ഡ്രൈവര്‍ കാബിന് പൂര്‍ണ്ണമായും കത്തി നശിച്ചു, സീറ്റുകള്‍, വയറിംഗ്, ബാറ്ററി, മുന്‍വശത്തേയും പിന്‍വശത്തെയും ഗ്ലാസുകള്‍ അടക്കം തകര്‍ന്നിട്ടുണ്ട്.
രാത്രി പതിനൊന്നരയോടെ ശബ്ദംകേട്ട് വീട്ടുകാര്‍ എത്തിയതോടെ ഒരാള്‍ ലോറിക്ക് സമീപത്ത് നിന്നും ഓടി പോകുന്നത് കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വേഗത്തില്‍ തന്നെ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
വീട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ ലോറിക്ക് പുറത്തേക്ക് വ്യാപിച്ചില്ല. കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.