കോട്ടയം: പുറത്ത് പെരുമഴ, അകത്ത് തീമഴ. ആരറിയുന്നു അപ്പര്‍കുട്ടനാട്ടില്‍ നെല്‍കര്‍ഷകരുടെ നെടുവീര്‍പ്പും നിലവിളിയും. തലയാഴം, വെച്ചൂര്‍, കുമരകം, കല്ലറ പാടങ്ങളില്‍ യന്ത്രം കൊയ്തുകൂട്ടിയ നെല്ല് പാടത്ത് കൂന കൂടിക്കിടക്കുകയാണ്.
നെല്ല് ആര് എന്നു സംഭരിക്കുമെന്നോ വിലയെത്രയെന്നോ കര്‍ഷകര്‍ക്ക് അറിവില്ല. സപ്ലൈകോ സംഭരിക്കുമെന്ന് സഹകരണ വകുപ്പും അതല്ല ചുമതല സഹകരണ സ്ഥാപനങ്ങള്‍ക്കാണെന്ന് സപ്ലൈകോയും പറയുന്നു.
നെല്ല് കുത്താന്‍ ആകെ ഒരു സ്വകാര്യ മില്ലുകാര്‍ മാത്രമേ എത്തിയിട്ടുള്ളൂ. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലും നെല്ല് സംഭരിക്കുന്നുണ്ട്.
കൊയ്ത്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ അയ്യായിരത്തോളം കര്‍ഷകര്‍ക്ക് മുന്നിലുള്ളത് ആശങ്കയുടെ കാർമേഘമാണ്.
ഒരാഴ്ചയായി പാടങ്ങളില്‍ പടുതകൊണ്ട് മൂടിയ നെല്ല് ഇന്നോ നാളെയോ കിളര്ത്തുതുടങ്ങും. പാടത്ത് വെള്ളക്കെട്ടുണ്ടായാല്‍ വിരിപ്പ് കൃഷിയില്‍നിന്ന് നയാ പൈസ കിട്ടില്ല. നെല്ല് സംഭരിച്ചാല്‍ സ്റ്റോക്ക് ചെയ്യാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഗോഡൗണുകളില്ല.
മുന്‍പൊരിക്കല്‍ സംഭരിച്ചപ്പോള് ഓഡിറ്റോറങ്ങള് വാടയ്ക്ക് എടുത്താണ് സ്റ്റോക്ക് ചെയ്തത്. എന്നാല്‍ കുത്ത് മില്ലുകളുടെ വരവ് വൈകിയതോടെ നെല്ല് കിളിര്‍ത്ത് വലിയ നഷ്ടമുണ്ടായി.
ക്രമക്കേടു നടത്താന്‍ മാത്രം തട്ടിക്കൂട്ട് സഹകരണസംഘങ്ങളുണ്ടാക്കി കര്‍ഷകരെ വെള്ളംകുടിപ്പാക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന് കര്‍ഷകര്‍ പറയുന്നു.
സപ്ലൈകോയുടെ സാമ്പത്തിക ബാധ്യത തീര്‍ത്ത് വിരിപ്പ് സംഭരണത്തിന് വേണ്ട തുക സര്‍ക്കാര്‍ അനുവദിക്കാനാണ് നടപടിയുണ്ടാവേണ്ടത്. സഹകരണ സ്ഥാപനങ്ങള്‍ക്ക് നിലവിലെ സംവിധാനത്തില്‍ സംഭരണം പ്രായോഗികമല്ല.