കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈത്ത് ഭരണകൂടം 12000 പ്രവാസികളെ നിയമ ലംഘനം നടത്തിയതിനെ തുടര്‍ന്ന് നാടുകടത്തി. ഒക്ടോബര്‍ മാസത്തില്‍ മാത്രം 4300 പേരെ നാടുകടത്തിയത്.
നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ വിപുലമായ പരിപാടികളാണ് അധികൃതര്‍ നടപ്പാക്കി വരുന്നത്.ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യാപകമായ പരിശോധന തുടരുന്നത്. നാടുകടത്തപ്പെട്ടവർക്ക് പിന്നീട് കുവൈത്തിലേക്ക് തിരികെ പ്രവേശിക്കാന്‍ സാധിക്കില്ല.
ധാര്‍മിക മൂല്യങ്ങള്‍ ലംഘിക്കുക, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുക, താമസവുമായി ബന്ധപ്പെട്ട നിയമ ലംഘനം നടത്തുക എന്നീ കുറ്റങ്ങള്‍ക്കാണ് കൂടുതല്‍ ആളുകളെയും നാടുകടത്തിയിരിക്കുന്നത്. ഇതിനു പുറമെ ട്രാഫിക് നിയമ ലംഘനത്തിന് പിടിയിലായവര്‍ക്കെതിരെയും നടപടിയെടുത്തു.
അതേസമയം ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചു എന്നാരോപിച്ച് കുവെെത്തിൽ നിന്ന് മലയാളി നഴ്സിനെ നാടുകടത്തിയിരുന്നു.
അല്‍ സബാഹ് ആശുപത്രിയിലെ നഴ്സായിരുന്നു മലയാളി യുവതി. ഇവർ ഇസ്രായേലിനെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത് ഏറെ വിവാദമാവുകയും ഇതെ തുടർന്ന് നഴ്സിനെ നാടു കടത്തുകയുമായിരുന്നു. അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരിയാണ് യുവതിക്കെതിരെ പരാതി നല്‍കിയത്.