ടെല്‍ അവീവ്: വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്നും മുതിർന്ന ഹമാസ് കമാൻഡറായ ഇബ്രാഹിം ബയാരിയെ വധിച്ചെന്നും സ്ഥിരീകരിച്ച് ഇസ്രയേൽ. ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം തകർക്കാനായെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അന്‍പതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. എന്നാൽ, 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗാസയിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്.
എഴുപത് വർഷത്തിലേറെയായി ഒന്നേകാൽ ലക്ഷം പലസ്തീനികൾ ജീവിക്കുന്ന അഭയാർഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റർ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങൾ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രയേൽ വിശദീകരണം. ഭൂഗർഭ ടണലിൽ ഒളിച്ചിരുന്ന പോരാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഐഡിഎഫ് പറയുന്നു. കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഐഡിഎഫ് പറഞ്ഞിരുന്നു.
ഒക്ടോബർ ഏഴ് മുതൽ ഇത് വരെ 8,500 ലധികം സാധാരണക്കാർ ഗാസയിൽ കൊല്ലപ്പെട്ടുവെന്നാണ് അനുമാനം. അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ അക്രമണത്തെ യുഎഇയും ഖത്തറും ശക്തമായി അപലപിച്ചു.
സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു.
ഇതിനിടയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച വീണ്ടും ഇസ്രയേൽ സന്ദർശിക്കുമെന്ന് അമേരിക്ക അറിയിച്ചു. മേഖലയിൽ മറ്റു ചിലയിടങ്ങളും ബ്ലിങ്കൻ സന്ദർശിക്കുമെന്നാണ് അറിയിപ്പ്.