മെൽബണ്‍: 2034ലെ ഫിഫ ലോകകപ്പിനു സൗദി അറേബ്യ വേദിയാകാൻ വഴി തെളിയുന്നു. സൗദിക്കൊപ്പം ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയ പിന്മാറി.
ആതിഥ്യത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ തങ്ങൾ പിന്മാറുകയാണെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചു.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സാധ്യതകൾ തങ്ങൾ സജീവമായി പരിഗണിച്ചിരുന്നുവെന്നും അതു നടക്കാത്തതിനാൽ, 2026ലെ ഏഷ്യൻ വനിതാ കപ്പ്, 2029ലെ ക്ലബ് ലോകകപ്പ് എന്നിവയ്ക്ക് ആതിഥ്യം വഹിക്കാനുള്ള അവസരത്തിനായി ശ്രമിക്കുമെന്നും ഫുട്ബാൾ ഓസ്ട്രേലിയ (എഫ്എ) മേധാവി ജയിംസ് ജോണ്സണ് പറഞ്ഞു.
ഏഷ്യ, ഓഷ്യാനിയ മേഖലയിൽനിന്ന് ടൂർണമെന്റ് നടത്തിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആയി ഫിഫ നിശ്ചയിച്ചിരുന്നു.
അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ തങ്ങൾ അപേക്ഷ നൽകിയിരുന്നതായി സൗദി അറിയിച്ചിട്ടുണ്ട്.2026ൽ നടക്കുന്ന അടുത്ത ലോകകപ്പ് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിങ്ങനെ മൂന്നു രാജ്യങ്ങളിലായാണ് അരങ്ങേറുക.